രേഖകൾ നോക്കിയപ്പോൾ ഒന്നുമങ്ങ് ശരിയാകുന്നില്ല, വാഹനം വേറെ, നമ്പർ പ്ലേറ്റ് വേറെ; വിശദമായി ചോദ്യംചെയ്തപ്പോൾ തന്ത്രം പൊളിഞ്ഞു

Published : Aug 08, 2025, 10:52 PM IST
scooter theft arrest

Synopsis

വീട്ടുവളപ്പിൽ നിന്നും മോഷണം പോയ വാഹനം തിരഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് അബിനെ പിടികൂടിയത്.

തിരുവനന്തപുരം: കോവളം മുട്ടക്കാട് ചലഞ്ച് ആശുപത്രിക്ക് സമീപം വീട്ടുവളപ്പിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. കോവളം കെഎസ് റോഡ് വലിയ കുളത്തിൻകര സ്വദേശി അബിൻ (19) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 30ന് രാത്രിയിലാണ് സംഭവം. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു വാഹനവും മോഷ്ടിച്ച വിവരം സമ്മതിച്ചത്.

വീട്ടുവളപ്പിൽ നിന്നും മോഷണം പോയ വാഹനം തിരഞ്ഞ് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് അബിനെ പിടികൂടുന്നത്. വാഹനത്തിന്‍റെ രേഖകൾ പരിശോധിച്ചപ്പോൾ നമ്പർ പ്ലേറ്റുമായി സാമ്യമില്ലാത്തതിനാൽ വിശദമായി ചോദ്യം ചെയ്തു. അപ്പോഴാണ് രണ്ടാമത് മോഷ്ടിച്ച വാഹനമാണ് ഉപയോഗിച്ചതെന്ന് മനസിലായതെന്ന് പൊലീസ് പറഞ്ഞു. ആദ്യം മോഷ്ടിച്ച വാഹനത്തിന്‍റെ ബാറ്ററി കേടായതോടെ ഉപേക്ഷിച്ച ശേഷം സംശയം തോന്നാതിരിക്കാൻ അതിന്‍റെ നമ്പർ പ്ലേറ്റ് രണ്ടാമത് മോഷ്ടിച്ച സ്കൂട്ടറിൽ ഫിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. സ്കൂട്ടറിന്‍റെ ശരിയായ നമ്പർ പ്ലേറ്റ് കുറ്റിക്കാട്ടിൽ വലിച്ച് എറിഞ്ഞെന്നും ഇയാൾ പറഞ്ഞു.

താക്കോൽ ഇട്ടുവച്ചിരുന്ന വാഹനങ്ങളാണ് മോഷ്ടിച്ചത്. രാത്രി കാലങ്ങളിൽ നഗരത്തിലും തീരങ്ങളിലും കറങ്ങിയാണ് വാഹനം മോഷ്ടിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. വാഹനങ്ങളും നമ്പർ പ്ലേറ്റുകളും പൊലീസ് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

വളർന്ന് വലുതായത് ആരും ശ്രദ്ധിച്ചില്ല! പട്ടാമ്പി മഹിളാ സമാജത്തിന്റെ കെട്ടിടത്തിന് മുന്നിൽ നിന്ന് കണ്ടെത്തിയത് 29 സെന്റീമീറ്റർ വളർന്ന കഞ്ചാവ് ചെടി
തിരുവനന്തപുരത്ത് 85 വയസുകാരിയെ പീഡിപ്പിച്ച് അവശനിലയിൽ വഴിയിൽ ഉപേക്ഷിച്ച 20കാരൻ അറസ്റ്റിൽ