സെപ്തംബർ 3 മുതൽ 9 വരെ, ഒരാഴ്ച തലസ്ഥാനത്തെ ഓണാഘോഷം കളറാകും; സെപ്തംബർ 9 ന് ഘോഷയാത്ര പൂർണ ഹരിതചട്ടം പാലിച്ച് നടത്താൻ തീരുമാനം

Published : Aug 08, 2025, 10:41 PM IST
Kanakakkunnu Onam

Synopsis

സെപ്റ്റംബർ 3 മുതൽ 9 വരെ തിരുവനന്തപുരത്ത് സംസ്ഥാനതല ഓണാഘോഷം. ഹരിതചട്ടം പാലിച്ചുകൊണ്ട് സെപ്റ്റംബർ 9 ന് വർണ്ണാഭമായ ഘോഷയാത്ര

തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ സംസ്ഥാനതല ഓണം വാരാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരത്ത് നടക്കുന്ന ഘോഷയാത്ര പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടത്താന്‍ തീരുമാനം. കേരളത്തിന്‍റെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്ന വിവിധ കലാരൂപങ്ങള്‍ക്കു പുറമേ വിവിധ വകുപ്പുകള്‍ തയ്യാറാക്കുന്ന ഫ്ളോട്ടുകളായിരിക്കും ഘോഷയാത്രയിലെ മുഖ്യ ആകര്‍ഷണം ഫ്ളോട്ടുകളുടെ നിര്‍മ്മാണം ഹരിതചട്ടം പാലിച്ചുകൊണ്ടായിരിക്കും. ഘോഷയാത്ര കടന്നുപോകുന്ന നഗരവീഥിയിലും പരിസരങ്ങളിലും ഹരിതചട്ടം ഉറപ്പാക്കാനും ഘോഷയാത്രാ കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ഘോഷയാത്ര കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി സംബന്ധിച്ച യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ ഡി കെ മുരളി എം എല്‍ എ അധ്യക്ഷത വഹിച്ചു.

സെപ്റ്റംബര്‍ 3 മുതല്‍ 9 വരെയാണ് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സംസ്ഥാനതല ഓണാഘോഷം. സെപ്റ്റംബര്‍ 9 ന് നടക്കുന്ന വര്‍ണ്ണാഭമായ ഘോഷയാത്ര മാനവീയം വീഥിയില്‍ വൈകിട്ട് അഞ്ചിന് ഫ്ളാഗ് ഓഫ് ചെയ്യും. ഘോഷയാത്ര കിഴക്കേകോട്ടയില്‍ അവസാനിക്കും. ഹരിതചട്ടത്തിന്‍റെ ഭാഗമായി ഘോഷയാത്ര കടന്നുപോകുന്ന വഴികളില്‍ ബിന്നുകളും കുടിവെള്ള കൗണ്ടറുകളും സ്ഥാപിക്കും. ഫ്ളോട്ടുകളുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ തദ്ദേശ വകുപ്പിനു കീഴിലുള്ള ക്ലീന്‍ കേരള കമ്പനിയെ പ്രയോജനപ്പെടുത്തണമെന്നും യോഗം നിര്‍ദേശിച്ചു. ഓണാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം നഗരത്തിലെ കവടിയാര്‍ മുതല്‍ മണക്കാട് വരെയുള്ള പ്രദേശം ഉത്സവ മേഖലയായി പ്രഖ്യാപിക്കുകയും ഈ പ്രദേശം ദീപങ്ങളാല്‍ അലങ്കരിക്കുകയും ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.

ഫ്ളോട്ടുകളില്‍ പുതുമയുണ്ടാകണമെന്നും ആവര്‍ത്തനവിരസമായ ആശയങ്ങളും രൂപകല്‍പ്പനയും ഒഴിവാക്കണമെന്നും ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍, സാമൂഹികപ്രതിബദ്ധത, വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെയും നേട്ടങ്ങളെയും പ്രതിനിധീകരിക്കുന്ന ദൃശ്യങ്ങള്‍ എന്നിവയായിരിക്കണം ഫ്ളോട്ടുകളുടെ വിഷയം. പരമാവധി 20 അടി നീളവും 10 അടി വീതിയും 16 അടി ഉയരത്തിലുമുള്ളവയായിരിക്കണം ഫ്ളോട്ടുകള്‍. ടൂറിസം അഡീഷണല്‍ സെക്രട്ടറി ജഗദീഷ് ഡി, ടൂറിസം അഡീഷണല്‍ ഡയറക്ടര്‍ (ജനറല്‍) ശ്രീധന്യ സുരേഷ്, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു