
പാലക്കാട്: മണ്ണാർക്കാട് നഗരമധ്യത്തിൽ നിന്ന് യുവതി തട്ടിക്കൊണ്ടുപോയ പേർഷ്യൻ പൂച്ചയെ തിരിച്ചേൽപിച്ചു. പൂച്ചയെ കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അതീവ രഹസ്യമായി പൂച്ചയെ മണ്ണാർക്കാട് സ്റ്റേഷനിൽ തിരിച്ചേൽപിച്ചത്. ഇപ്പോൾ പൂച്ചയുടെ മുഖത്തും ഉമ്മറിന്റെ മുഖത്തും സന്തോഷം. ഇരുവരുടെയും കണ്ണിൽ ആനന്ദം. കാണാതായി പന്ത്രണ്ടാം നാൾ ഉമ്മറിന്റെ കയ്യിൽ ആശ്വാസ ചൂട് പറ്റി ഇരിപ്പ്. പൂച്ചയെ തിരികെ കിട്ടിയ സന്തോഷത്തിൽ പരിഭവം മറന്ന്, പരാതി പിൻവലിച്ചിരിക്കുകയാണ് ഉമ്മർ.
അവർ അറിയാതെ കൊണ്ടുപോയതാണോ എന്ന് ചോദിച്ചിട്ടില്ല. സ്റ്റേഷനിൽ ഏൽപിച്ച് പോയിരിക്കുകയാണ്. ഇവിടെ നിന്ന് വിളിച്ച് അറിയിക്കുകയായിരുന്നു. പരാതി ഒന്നുമില്ല. ഉമ്മർ പറയുന്നു. ഇരുപതിനായിരം രൂപ വില വരുന്ന പൂച്ചയെ ജനുവരി 24നാണ് മണ്ണാർക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് യുവതി കടത്തിക്കൊണ്ടുപോയത്. പേർഷ്യൻ ഇനത്തിൽ പെട്ട പൂച്ചയെ ഡോക്ടറെ കാണിക്കാൻ കൊണ്ടുവന്നതായിരുന്നു. ഡോക്ടറെ കാണിച്ച ശേഷം ഉമ്മറിന്റെ കോഴിക്കടയിൽ ഇരിക്കുന്ന സമയത്താണ് പൂച്ച പുറത്തേക്കിറങ്ങിയത്.
ഈ സമയം യുവതി പൂച്ചയെ പിടി കൂടുകയായിരുന്നു. കോഴിക്കടയിലെ പൂച്ചയാണെന്ന് മറ്റ് കടക്കാർ പറഞ്ഞപ്പോൾ അവിടെ കൊടുക്കാമെന്ന് പറഞ്ഞ് പൂച്ചയെയും കൊണ്ട് യുവതി കടന്നു കളഞ്ഞു. കൊണ്ടുപോയവർ തിരിച്ചു തരുമെന്ന് കരുതി കാത്തിരുന്നു. ഫലമില്ലെന്ന് മനസ്സിലായപ്പോഴാണ് മണ്ണാർക്കാട് സ്റ്റേഷനിൽ പരാതി നൽകി. പൂച്ചയെ കടത്തുന്ന സിസിടിവി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടിരുന്നു. ഒടുവിൽ വൈകിട്ട് യുവതിയുടെ സഹോദരൻ അതീവരഹസ്യമായി പൂച്ചയെ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ കൈമാറി. സഹോദരൻ തിരികെ പോയതോടെ പൊലീസ് ഉമ്മറിനെ വിളിച്ചു വരുത്തി പൂച്ചയെ ഏൽപിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam