കന്യാകുമാരിയിലെ മായമ്മ ദേവീക്ഷേത്രത്തിൽ നിന്ന് 6 കിലോ വെള്ളി ആഭരണങ്ങൾ കവർന്ന പശ്ചിമ ബംഗാൾ സ്വദേശിയെ തിരുവനന്തപുരത്ത് നിന്ന് പോലീസ് പിടികൂടി.

തിരുവനന്തപുരം: കന്യാകുമാരിയിലെ കല്ലങ്കര വിളാകം, മായമ്മ ദേവീക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ തിരുവനന്തപുരത്തു നിന്ന് പൊലീസ് പിടികൂടി. പശ്വിമ ബംഗാൾ സ്വദേശി ആഷിഷ് സർക്കാർ (29) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രിയാണ് ഇയാൾ കന്യാകുമാരി ലൈറ്റ് ഹൗസിന് എതിർവശത്തുള്ള മായമ്മ കോവിൽ ക്ഷേത്രത്തിൽ നിന്ന് 6കിലോ വെള്ളി ആഭരണങ്ങളടക്കം ഇയാൾ കവർന്നത്. പിന്നീട് ട്രെയിൻ മാർഗം കേരളത്തിലേക്ക് കടക്കുകയായിരുന്നു. ആദ്യം എറണാകുളത്തും പിന്നീട് തിരുവനന്തപുരത്തും കഴിഞ്ഞ ഇയാളെ കന്യാകുമാരി ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യ വിവരത്തിൽ അടിസ്ഥാനത്തിൽ ആണ് കണ്ടെത്തിയത്. ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച പൊലീസിന് ഇയാളുടെ യാത്രാ മാർഗം മനസിലായി. പിന്നാലെ കേരള പൊലീസിന്‍റെ സഹായത്തോടെയാണ് ഇന്നലെ പിടികിയത്. ആഭരണങ്ങളും പിടിച്ചെടുത്തു. കന്യാകുമാരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.