നാലര പതിറ്റാണ്ടിലേറെയായി കുരുന്നുകൾക്ക് അക്ഷരമധുരം പകർന്ന് മാന്നാറിന്റെ സരസമ്മയാശാട്ടി

By Web TeamFirst Published Oct 5, 2022, 8:52 PM IST
Highlights

പുലിയൂർ പഞ്ചായത്തിൽ നിന്നു പ്രതിമാസ ഗ്രാന്റു ലഭിക്കുന്ന വളരെ ചുരുക്കം നിലത്തെഴുത്ത് ആശാട്ടിമാരിൽ ഒരാളാണ് സരസമ്മ ആശാട്ടി. മികച്ച സേവനത്തിന്  പഞ്ചായത്തിന്റേതടക്കം നിരവധി സ്ഥാപനങ്ങളുടെ ആദരവും ഇതിനകം ആശാട്ടിയെ തേടി വന്നിട്ടുണ്ട്.

മാന്നാർ: നാല്പത്തിയഞ്ച് വർഷത്തിലേറെയായി കുരുന്നുകൾക്ക് അക്ഷരമധുരം പകർന്നു നൽകുകയാണ് സരസമ്മയാശാട്ടി. പുലിയൂർ മലയിലേത്ത്  കെ സരസമ്മ എന്ന നിലത്തെഴുത്ത് ആശാട്ടിക്ക് പ്രായം 68 കഴിഞ്ഞിട്ടും പിഞ്ചുകുഞ്ഞുങ്ങൾക്ക് അക്ഷരങ്ങൾ പറഞ്ഞുകൊടുക്കാൻ  നല്ല ഉത്സാഹമാണ്. 

ആലാ പഞ്ചായത്തിലെ പെണ്ണുക്കര കൊട്ടക്കാട്ടുതറയിൽ കേശവക്കുറുപ്പിന്റെയും പങ്കജാക്ഷിയമ്മയുടെയും മകളായ സരസമ്മ പുലിയൂർ 12-ാം വാർഡിൽ മലയിലേത്ത്  ഗോപാലകൃഷ്ണപിളളയുടെ കൈ പിടിച്ച് കുടുംബ ജീവിതത്തിലേക്ക് പദമൂന്നുമ്പോൾ ഭർതൃ സഹേദരി കമലമ്മയായിരുന്നു ഇവിടെ നിലത്തെഴുത്തുകളരി നടത്തിയിരുന്നത്.   ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ കമലമ്മയുടെ വിവാഹമായി. അതോടെ വീടിനോടു ചേർന്ന് വർഷങ്ങളായി നടത്തിവന്ന കുടിപള്ളിക്കൂടം അന്യംനിന്നു പോകരുതെന്ന കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം നാത്തൂനായി വന്ന സരസമ്മ നിലത്തെഴുത്തു കളരിയുടെ ചുമതല കമലമ്മയോട് പൂർണ മനസോടെ ഏറ്റെടുക്കുകയായിരുന്നു.  പിന്നെ ഒരിക്കലും ഈ മേഖലയിൽ സരസമ്മയാശാട്ടിക്കു  പിൻതിരിഞ്ഞു നോക്കേണ്ടതായി വന്നില്ല. 
 
പിൽക്കാലത്ത് പല സന്ദർഭങ്ങളിലും സ്വകാര്യ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയ വിവിധ പ്രതിസന്ധികൾ  നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും താൻ ഏറ്റുവാങ്ങിയ അക്ഷര ജ്വാല അണയാതെ കാത്തു പരിപാലിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് സരസമ്മ പറയുന്നു.  കുരുന്നുകൾക്ക് നിലത്തെഴുത്ത് പഠിപ്പിക്കുന്നതിനൊപ്പം എട്ടാം ക്ലാസ് വരെയുള്ള മുതിർന്ന കുട്ടികൾക്കുള്ള പ്രത്യേക ട്യൂഷനും നൽകുന്നുണ്ട്. 
ഭർതൃസഹോദരി നൽകിയ നാരായംകൊണ്ട് എഴുത്തോലയിൽ അക്ഷരങ്ങൾ കോറിയിട്ട് നിരവധി പേർക്ക് അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുത്തു. നാല്പത്തെട്ടു വർഷത്തിനിടെ നൂറു കണക്കിനു  കുട്ടികൾക്ക് അക്ഷര വെളിച്ചമേകാൻ കഴിഞ്ഞു. അവരിൽ പലരും ഡോക്ടർമാരും എഞ്ചിനിയർമാരും മുതൽ ജീവിതത്തിന്റെ വിവിധ മണ്ഡലങ്ങളിൽ എത്തിയെന്നറിയുന്നതിൽ വലിയ സന്തോഷവും ചാരിതാർഥ്യവും ഉണ്ടെന്നും ഈ ആശാട്ടിയമ്മ പറയുന്നു. അവരിൽ പലരും ഇപ്പോഴും വിദ്യാരംഭ ദിവസവും മറ്റ് വിശേഷാവസരങ്ങളിലും ദക്ഷിണയുമായി വന്ന് തന്റെ അനുഗ്രഹം വാങ്ങി പോകാറുണ്ടെന്ന് സരസമ്മയാശാട്ടി പറയുന്നു.  
 
പണ്ട് കളരിയിൽ 30 ലേറെ കുട്ടികൾവരെയുണ്ടായിരുന്ന കാലമുണ്ടായിരുന്നതായി സരസമ്മയാശാട്ടി ഓർക്കുന്നു.  ചില ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നുണ്ടെങ്കിലും നിരവധി കുട്ടികളെ ഇന്നും പഠിപ്പിക്കുന്നു. പുലിയൂർ പഞ്ചായത്തിൽ നിന്നു പ്രതിമാസ ഗ്രാന്റു ലഭിക്കുന്ന വളരെ ചുരുക്കം നിലത്തെഴുത്ത് ആശാട്ടിമാരിൽ ഒരാളാണ് സരസമ്മ ആശാട്ടി. മികച്ച സേവനത്തിന്  പഞ്ചായത്തിന്റേതടക്കം നിരവധി സ്ഥാപനങ്ങളുടെ ആദരവും ഇതിനകം ആശാട്ടിയെ തേടി വന്നിട്ടുണ്ട്. ഇക്കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ നടന്ന  ചെങ്ങന്നൂർ ബോധിനിയുടെ വാർഷികാഘോഷ ത്തോടനുബന്ധിച്ച് സരസമ്മ ആശാട്ടിയെ ആദരിച്ചിരുന്നു.
 
ഇന്ന് നിലത്തെഴുത്ത് കളരികളൊക്കെ വിസ്മൃതിയിലായി,  അങ്കണവാടികൾ നാടെങ്ങും സജീവമായെങ്കിലും ഇപ്പോഴും മക്കൾക്ക് അക്ഷരം പഠിക്കാൻ പല രക്ഷിതാക്കളും ആശാട്ടിയെ തേടിയെത്തുന്നു. ഭർത്താവിനോടും സ്വകാര്യ സ്കൂൾ അധ്യാപികയായ ഇളയ മകൾ ഉമാദേവിയോടും പേരക്കുട്ടികളോടുമൊപ്പമാണ് സരസമ്മയാശാട്ടിയുടെ താമസം.

Read Also: സ്കേറ്റിംഗിനിടെ കാറിടിച്ചു; തലസ്ഥാനത്ത് യുവാവിന് ദാരുണാന്ത്യം

tags
click me!