
പാലക്കാട്: ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി യുവാവിനെ ഒന്നര വർഷമായി വഞ്ചിച്ച കേസിൽ യുവതി പിടിയിലായ സംഭവം കേരളത്തെ ഞെട്ടിച്ചിരുന്നു. ശതകോടീശ്വരിയായ മനിശ്ശേരി മനയിലെ ഡോ. നിഖിത ബ്രഹ്മദത്തന്‍റെ മുഖംമൂടിയാണ് അഴിഞ്ഞു വീണത്. കോട്ടും സ്യൂട്ടുമിട്ട്, അനുചരന്മാരുമായി വന്ന് തന്മയത്തത്തോടെ കള്ളക്കഥകൾ പറഞ്ഞ് ആളുകളുടെ വിശ്വാസം നേടിയെടുത്താണ് മലപ്പുറം മണ്ണാർക്കാട്ടുകാരി മുബീന മുഹമ്മദ് വൻ തട്ടിപ്പുകൾ നടത്തിയിരുന്നത്. 35കാരിയുടെ വലയിൽ വീണ് പണം നഷ്ടപ്പെട്ടത് നിരവധി പേർക്കാണ്. മൂക്കത്ത് വിരൽവച്ചുപോകുന്ന ഈ തട്ടിപ്പ് പരമ്പരയ്ക്ക് പിന്നിൽ മുബീന ഒറ്റയ്ക്കാണോ എന്നാണ് ചോദ്യം ഉയരുന്നത്. നിഖിത ബ്രഹ്മദത്തന് പിന്നിൽ വൻ അധോലോക സംഘമോ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.
ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് മനിശ്ശേരിമനയിലെ നിഖിത ബ്രഹ്മദത്തനെന്ന പേരിൽ പൂജാരിയിൽ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയ മുബീന മുഹമ്മദിന്‍റെ വലയിൽ കൂടുതൽ പേർ കുടുങ്ങിയതായാണ് സൂചന. തട്ടിപ്പ് കേസിൽ റിമാൻഡിലായ വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അന്വേഷണ സംഘത്തെ ബന്ധപ്പെടുന്നത്. ആൾമാറാട്ട തട്ടിപ്പ് പരാതികളുടെ ആധികാരകത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരിയാണ് നിലവിൽ അറസ്റ്റ് ഉണ്ടായ സംഭവത്തിലെ പരാതിക്കാരൻ. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തൻ ആണെന്ന് പറഞ്ഞാണ് യുവതി പരാതിക്കാരനെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ യുവാവിനെ ദത്തെടുക്കാൻ തയ്യാറാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. ഇക്കാര്യം സ്റ്റാംപ് പേപ്പറിൽ എഴുതി നൽകുകയും ചെയ്തു. പിന്നീട് ഇവർ തമ്മിൽ ഒരു വർഷത്തോളം സൗഹൃദം തുടർന്നു. പിന്നീട് ഇടക്കിടെ താൻ ജോലി ചെയ്യുന്നുവെന്ന് വിശ്വസിപ്പിച്ച പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് വിളിച്ചു വരുത്തുകയും ചെയ്തു. പരാതിക്കാരൻ വരുന്ന സമയത്ത് മുബീന സ്റ്റെതസ്കോപ്പ് അണിഞ്ഞ് ഡോക്ടറെന്ന മട്ടിൽ പെരുമാറി. ഇതിനായി പ്രതിയുടെ തന്നെ സഹായികളെ കൂടെ നിർത്തി സംസാരിച്ചു വിശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിന് ശേഷം, താൻ നിർമിക്കാനൊരുങ്ങുന്ന ഐ വി എഫ് ആശുപത്രിയിൽ പാർട്ണർ ആക്കാം എന്ന് പറഞ്ഞ് യുവാവിൽ നിന്ന് 68 ലക്ഷം രൂപയോളം പല തവണയായി കൈപ്പറ്റി. പരിചയപ്പെടുന്ന ആരോടും കൂസലില്ലാതെ പണം ചോദിച്ചു വാങ്ങുന്ന ഇവർ ആരംഭത്തിൽ അത് തിരിച്ചു നൽകും. അടുത്ത തവണ കൂടുതൽ പണം വാങ്ങിച്ച് തിരികെ നൽകാതെ മുങ്ങുകയാണ് ഇവരുടെ പതിവ് രീതി. കഴിഞ്ഞ ഒരു വർഷത്തിലേറെയായി വിവിധ ജില്ലകളിൽ പല പേരുകളിലും പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
9-ാം ക്ലാസ് മാത്രമാണ് മുബീനയുടെ യോഗ്യത. എന്നാൽ ഡോക്ടറാണെന്ന് മറ്റുള്ളവരെ വിശ്വസിപ്പിക്കുന്ന തരത്തിൽ ജില്ലാ ആശുപത്രിക്ക് അകത്തുതന്നെ ഇവർക്ക് ധാരാളം സഹായികൾ ഉണ്ടായിരുന്നു. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തും മോർച്ചറിയിലും വെച്ച് കണ്ടതിനാൽ അവിശ്വസിക്കേണ്ടതായ സാഹചര്യം ഉണ്ടായില്ല എന്ന് പരാതിക്കാരനും പറയുന്നു. സമാന രീതിയിൽ ധാരാളം പേരിൽ നിന്നും ഇത്തരത്തിൽ മുബീന പണം വാങ്ങിയിട്ടുണ്ട്. ആലപ്പുഴ, കോഴിക്കോട്, എറണാകുളം, പാലക്കാട് ടൗൺ നോർത്ത് എന്നീ സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ നേരത്തെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam