
പാലക്കാട്: പാലക്കാട് മണ്ണാർക്കാട് നടുറോഡിൽ തെരുവ് നായ ആക്രമണം. മണ്ണാർക്കാട് കുന്തിപ്പുഴ ബൈപ്പാസിൽ വാഹന യാത്രികനെ തെരുവ് നായ ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ബൈക്ക് യാത്രികനെ ആക്രമിക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. തെരുവ് നായകളുടെ ശല്യം പ്രദേശത്ത് രൂക്ഷമാണ്. തെരുവ് നായ ശല്യത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, വ്യാപാരി സംഘടനകൾ മുൻസിപ്പൽ ചെയർമാന് പരാതി നൽകി.
പേവിഷ ബാധ: ഈ വർഷം ഇതുവരെ 13 മരണം : വാക്സീൻ പരിശോധിക്കണമെന്ന് വിദഗ്ധർ
ഈ വർഷം 6 മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 13 പേർ. ഈ മാസം മാത്രം മരണം മൂന്നെന്ന് ഞെട്ടിക്കുന്ന കണക്കുകൾ മെയ്, ജൂൺ മാസങ്ങളിലാണ് പേവിഷ ബാധയേറ്റുള്ള മരണം മുക്കാലും. ഈ വർഷം ഏപ്രിൽ 10 വരെ ഉള്ള സമയത്ത് മൂന്നു പേർക്കാണ് പേവിഷബാധ സ്ഥിരീകരിച്ചത്. 3 പേരും മരിച്ചു. ഇന്നലെ വരെ മരണം 13. വർത്തു മൃഗങ്ങളുടെ കടിയേറ്റാൽ , അത് ഗൌരവമാക്കാത്തതും കൃത്യ സമയത്ത് ചികിൽസ തേടുന്നതിൽ വരുന്ന വീഴ്ചയും പേ വിഷബാധയിലേക്ക് കാര്യങ്ങൾ എത്തിക്കുന്നുണ്ട്.
അതേസമയം ആശങ്കയാകുന്നത് മറ്റൊരു കാര്യമാണ്. പൂർണ വാക്സിനേഷന് ശേഷമുള്ള മരണങ്ങൾ. വാക്സിൻ ഗുണമേന്മ പരിശോധിക്കണമെന്നാണ് വിദഗ്ർ പറയുന്നത്. വാക്സിൻ സൂക്ഷിക്കുന്നത്, കൈകാര്യം ചെയ്യുന്നത്, കുത്തിവെയ്പ്പ് എന്നിവയിലും പരിശോധന വേണം. വാക്സിനെടുത്താലും പ്രതിരോധം രൂപപ്പെടാൻ ഒരാഴ്ച്ച വരെ സമയമെടുക്കാം. അതുവരെ സുരക്ഷിതമായിരിക്കാൻ ഇമ്യൂണോ ഗ്ലോബുലിൻ പോലുള്ളവ നൽകിയിട്ടുണ്ടോ എന്നതും അന്വേഷിക്കണം. പ്രതിരോധം രൂപപ്പെടുന്നത് വരെ വൈറസിനെ നിഷ്ക്രിയമാക്കാൻ ഐഡിആർവി, മോണോക്ലോണൽ ആന്റിബോഡി ഉൾപ്പടെ നൽകാറുണ്ട്.
കടിയേറ്റ ഭാഗത്ത് തന്നെ കുത്തിവെപ്പ് നൽകി, വൈറസിനെ നിഷ്ക്രിയമാക്കുന്ന കുത്തിവെയ്പ്പിന് നല്ല വൈദഗ്ദ്യം വേണം. ഇത് സങ്കീർണമാണ്. ഇതിലെ വീഴ്ച്ചകളും മരണത്തിനിടയാക്കാം. ഒപ്പം മുഖം, കഴുത്ത് പോലെ അപകട സാധ്യത കൂടിയ സ്ഥലങ്ങളിൽ കടിയേൽക്കുന്നതാണ് മറ്റൊരു പ്രശ്നം. ഇത് വേഗത്തിൽ തലച്ചോറിനെ ബാധിക്കും. മാത്രവുമല്ല, ഈ ഭാഗങ്ങളിൽ കടിയേൽക്കുമ്പോൾ കടിയേറ്റ ഭാഗത്ത് തന്നെ ഇഞ്ചക്ഷൻ നൽകുന്നത് ബുദ്ധിമുട്ടാണ്. ഇതും മരണത്തിനിടയാക്കാം.
വീട്ടിലെ വളർത്തു നായ്ക്കളാകുമ്പോൾ നിസാര പോറലുകൾ അവഗണിക്കുന്നതും, വാക്സിനെടുക്കുന്നതിൽ കാലതാമസം വരുത്തുന്നതും അപകട കാരണമാകാമെന്നും വിദഗ്ദർ പറയുന്നു. പാലക്കാട്ടെ മരണത്തിൽ ഇതിലേതാണ് കാരണമായതെന്ന് കണ്ടെത്തേണ്ടതുണ്ട്. ഏതായാലും മുഴുവൻ വാക്സിനെടുത്തിട്ടും ആളുകൾ മരിക്കുന്നത് കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അപായ സൂചനയാണ്. ഇതാണ് സർക്കാർ അന്വേഷിക്കണമെന്ന് വിദഗ്ദർ പറയുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam