വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചു; ആരോപണം ബത്തേരി താലൂക്ക് ആശുപത്രിക്കെതിരെ

Published : Jul 01, 2022, 01:55 PM IST
വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചു; ആരോപണം ബത്തേരി താലൂക്ക് ആശുപത്രിക്കെതിരെ

Synopsis

രണ്ടുമണിക്കൂറോളം താലൂക്ക് ആശുപത്രിയില്‍ കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് തുടര്‍ച്ചികിത്സ നല്‍കിയതെന്ന് നവാസ്...

സുല്‍ത്താന്‍ബത്തേരി: കൈക്ക് പരിക്കുമായി എത്തിയ വിദ്യാര്‍ഥിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപണം. ബീനാച്ചി തുമ്പോളില്‍ നവാസാണ് തന്റെ മകന്‍ അജ്മലിന് കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെന്നാരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍നിന്ന് വീണ് കൈയൊടിഞ്ഞ വിദ്യാര്‍ഥിയെ ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ മണിക്കൂറുകളോളം വൈകിപ്പിച്ചെന്നപും ജീവനക്കാരില്‍നിന്ന് മോശം അനുഭവം നേരിടേണ്ടിവന്നുവെന്നുമാണ് രക്ഷിതാവിന്റെ പരാതി.

രണ്ടുമണിക്കൂറോളം താലൂക്ക് ആശുപത്രിയില്‍ കാത്തിരുന്നിട്ടും ചികിത്സ ലഭിക്കാതായതോടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് തുടര്‍ച്ചികിത്സ നല്‍കിയതെന്നും നവാസ് പറയുന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ്, ബീനാച്ചി ഗവ. ഹൈസ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിയായ അജ്മലിന് വീണ് ഇടതു കൈയ്ക്ക് പരിക്കേറ്റത്. ഉടന്‍തന്നെ അധ്യാപകര്‍ അജ്മലിനെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് നവാസും ആശുപത്രിയിലെത്തിയിരുന്നു. ഈ സമയം അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ അജ്മലിനെ പരിശോധിച്ച ശേഷം എക്‌സ് റേ എടുപ്പിക്കുകയും തുടര്‍പരിശോധനയ്ക്കുശേഷം കൈയ്ക്ക് ബാന്‍ഡേജ് ഇടാനായി ഡ്രസിങ് റൂമില്‍ ചെന്നെങ്കിലും ഇവിടെ രണ്ട് മണിക്കൂറോളം കാത്തിരിക്കേണ്ടിവന്നുവെന്നാണ് നവാസ് ആരോപിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയാണെന്ന പരിഗണന പോലും ആശുപത്രി ജീവനക്കാര്‍ നല്‍കിയില്ലെന്നാണ് പരാതി. 

ചികിത്സക്കായി കാത്തിരിക്കുന്നതിനിടെ അജ്മല്‍ കുഴഞ്ഞുവീണു. ഈ സമയവും ജീവനക്കാരില്‍ മതിയായ പരിചരണം ലഭിച്ചില്ലെന്നാണ് ഇവർ പറയുന്നത്. ചികിത്സ വൈകുന്നതിനെക്കുറിച്ച് അന്വേഷിച്ച സമയത്താണ് ജീവനക്കാര്‍ മോശമായി സംസാരിച്ചതെന്ന് നവാസ് ആരോപിച്ചു. ഇതേ തുടര്‍ന്നാണ് സ്വകാര്യ ആശുപത്രിയിലേക്ക് പോകേണ്ടി വന്നത്. തനിക്കും മകനും ആശുപത്രിയില്‍നിന്ന് നേരിടേണ്ടിവന്ന ദുരവസ്ഥയ്‌ക്കെതിരേ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കാനൊരുങ്ങുകയാണ് നവാസ്. എന്നാല്‍ പരാതി ലഭിക്കുന്ന മുറക്ക് സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ആശുപത്രി അധികാരികള്‍ ചൂണ്ടിക്കാട്ടി. 

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്, തൃശൂർ എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ
കുപ്രസിദ്ധ കുറ്റവാളി ബാലമുരുകന്റെ കൂട്ടാളി ഇമ്രാൻ കൊച്ചിയിൽ പിടിയിൽ, തെങ്കാശിയിൽ ബാലമുരുകനെ കണ്ടെത്തി പൊലീസ്