
മലപ്പുറം: നിലമ്പൂർ ചന്തക്കുന്നില്‍ പ്രസവത്തിനിടെ തെരുവുനായയെ അടിച്ചോടിച്ചു. കഴിഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. രണ്ടു കുഞ്ഞുങ്ങള്‍ പുറത്തെത്തിയ ശേഷം മൂന്നാമത്തെ കുഞ്ഞിന്റെ തല പുറത്തുവരുന്നതിനിടെയാണ് നായയുടെ നടുവിന് ആരോ വടികൊണ്ടടിച്ചത്. നായ പ്രാണവേദനയോടെ ഓടിരക്ഷപ്പെട്ടു. പാതി പുറത്തു വന്ന കുഞ്ഞുമായി നായ അലയുന്നത് കഴിഞ്ഞ ദിവസം രാവിലെയാണ് സാമൂഹിക പ്രവര്‍ത്തകരുടെ ശ്രദ്ദയില്പ്പെട്ടത്.
തുടർന്ന് എമര്‍ജന്‍സി റെസ്ക്യു ഫോഴ്സിന്റെ സഹായത്തോടെ നായയെ പിടികൂടി വെറ്ററിനറി ഹോസ്പിറ്റലിലെത്തിച്ചു. ഡോക്ടര്‍ ലഘുശസ്ത്രക്രിയ നടത്തി നായയുടെ വയറ്റില്‍ നിന്ന് പാതിപുറത്തുവന്നതടക്കം രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹം പുറത്തെടുത്തു. ചത്ത് അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. പ്രസവിച്ച രണ്ടു കുഞ്ഞുങ്ങളെ വഴിയരികില്‍ നിന്ന് കണ്ടെത്തി അമ്മയ്ക്കരികിലാക്കി കൂട്ടിലടച്ചു.
പിന്നീട് വൃത്തിയാക്കാന്‍ കൂട് തുറന്നപ്പോള്‍ തള്ളപ്പട്ടി ഓടിപ്പോയി. ആശുപത്രി ജീവനക്കാരും മറ്റും പാലും ബിസ്കറ്റും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ട്. കുഞ്ഞുങ്ങളെ തേടി തള്ളപ്പട്ടി വരുമെന്ന പ്രതീക്ഷയില്‍ കൂടിന്റെ വാതില്‍ തുറന്നിട്ടിട്ടുണ്ട്. എതെങ്കിലും വീട്ടുപരിസരത്ത് പ്രസവിക്കുമ്പോഴാകാം നായയ്ക്ക് അടിയേറ്റതെന്ന് കരുതുന്നു.
അതേസമയം സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുകയാണ്. ആലപ്പുഴ മാന്നാറില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം മൂലം ജനം ഭീതിയിലാണ്. ഇരുപതിലധികം കോഴികളെയാണ് തെരുവ് നായ്ക്കൂട്ടം കടിച്ചുകൊന്നത്. കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിക്ക് നായുടെ കടിയേറ്റു.
വിഷവര്‍ശ്ശേരിക്കര മാനങ്കേരില്‍ സന്ധ്യയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ഇരുപത്തിയഞ്ചോളം കോഴികളെ കൂട്ടമായി എത്തിയ തെരുവ് നായ്ക്കള്‍ കടിച്ചു കൊല്ലുകയായിരുന്നു. രാവിലെ ഏഴ് മണിയോടെ കൂട് തുറന്ന് കോഴികളെ മുറ്റത്ത് വിട്ടപ്പോഴാണ് നാല് നായ്ക്കള്‍ പറമ്പില്‍ എത്തി ഇവയെ കടിച്ചുകൊന്നത്. കുറേയെണ്ണത്തിനെ കൊന്നുമുറ്റത്തിട്ടെന്നും മറ്റുളളതിനെ കടിച്ചെടുത്തുകൊണ്ട് പോയതായും വീട്ടമ്മ പറഞ്ഞു. രണ്ട് മക്കളുളള വിധവയായ സന്ധ്യ കോഴി, താറാവ് എന്നിവയെ വളര്‍ത്തിയാണ് ഉപജീവനം നടത്തിയിരുന്നത്.
Read More : മാന്നാറില്‍ ഭീതി പടര്‍ത്തി അജ്ഞാത ജീവി; ആടുകളെ കൊന്നു, പിന്നാലെ വളർത്തു പക്ഷികളെയും കൊന്നു
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam