ഓടുന്ന സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത് തെരുവ് നായ; വാഹനം നിയന്ത്രണം വിട്ടുമറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്  

By Web TeamFirst Published Sep 12, 2022, 10:37 AM IST
Highlights

ഇന്ന് രാവിലെ കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്. 

കൊല്ലം : സംസ്ഥാനത്തെ തെരുവുനായ ശല്യത്തിന് കുറവൊന്നുമില്ല.കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പലയിടത്തും സമാനമായ രീതിയിൽ, തെരുവ് നായ അപകടമുണ്ടാക്കിയ സാഹചര്യമുണ്ടായിരുന്നു. ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ ഭൂരിഭാഗവും. 

അതിനിടെ, കോഴിക്കോട് അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിലെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിനെ തെരുവ് നായ ആക്രമിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. സൈക്കിളിലായിരുന്ന നൂറാസിന് നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. 

ആലപ്പുഴ മെഡി.കോളേജിലെ ഐസിയുവിന് മുന്നിലും തെരുവ് നായ ശല്യം

ഇന്നലെ ഉച്ചയോടെയാണ് കോഴിക്കോട് നഗരത്തിലെ ബേപ്പൂർ അരക്കിണറിൽ മൂന്ന്  കുട്ടികളുള്‍പ്പെടെ നാലു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപം വച്ചാണ് ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ മൂന്ന് പേര്‍ക്ക് കടിയേറ്റ്. 

ഏഴാം ക്ളാസ് വിദ്യാര്‍ത്ഥി നൂറാസ്, ആറാം ക്ളാസ് വിദ്യാര്‍ത്ഥി വൈഗ എന്നീ കുട്ടികളെയാണ് നായ ആക്രമിച്ചത്. നൂറാസിന്‍റെ കൈയിലും കാലിലും ആഴത്തില്‍ കടിയേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് നായയുടെ കടിയേറ്റത്. ഇവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിടെയാണ് 44 കാരനായ ഷാജുദ്ദീനും കടിയേറ്റത്. ഗോവിന്ദപുരം സ്കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ വിളയാട്ടമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

അതേ സമയം, പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള  കർമ്മപദ്ധതി തയ്യാറാക്കാനുള്ള തീരുമാനത്തിലാണ് സ‍ര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട സ‍ര്‍ക്കാരിന്റെ  അവലോകന യോഗം ഇന്ന് ചേരും. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ വൈകിട്ടാണ് ഉന്നതതല യോഗം വിളിച്ചത്. ആരോഗ്യ- മൃഗസംരക്ഷണ- തദ്ദേശ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച സംയുക്ത കർമ്മപദ്ധതിയും, തദ്ധേശ വകുപ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കലുമാണ്  പ്രധാന അജണ്ട.  തെരുവുനായകൾക്ക് പ്രത്യേക ഷെൽട്ടർ, സമ്പൂർണ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയിൽ വരുന്ന തീരുമാനങ്ങൾ നിർണായകമാണ്. മൂന്ന് വകുപ്പുകൾ സംയുക്തമായി നേരത്തെ  കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ  അവലോകനത്തിൽ  ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 


 

click me!