Asianet News MalayalamAsianet News Malayalam

ആലപ്പുഴ മെഡി.കോളേജിലെ ഐസിയുവിന് മുന്നിലും തെരുവ് നായ ശല്യം

നഗരസഭ നടത്തിയ തെരുവ് നായ വന്ധ്യംകരണ പദ്ധതി മൃഗസ്നേഹികളുടെ ഇടപെടൽ മൂലം നിർത്തിവയ്ക്കേണ്ടി വന്നതാണ് സ്ഥിതി ഗുരുതരമായതിന് കാരണമെന്ന് ആലപ്പുഴ നഗരസഭ 

Stray dogs spotted before alappuzha medical college ICU
Author
First Published Sep 12, 2022, 10:20 AM IST

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ഐസിയുവിന് മുന്നിലും തെരുവ് നായയുടെ ശല്യം. പകൽ സമയത്ത് പോലും ഐസിയുവിലും ആശുപത്രിയുടെ ഇടനാഴികളിലും തെരുവ് നായകൾ സ്വതന്ത്ര്യമായി വിഹരിക്കുകയാണ്. രാത്രിസമയത്ത് നിരവധി തെരുവ് നായകളാണ് ഐസിയുവിന് മുന്നിൽ ഉണ്ടാവാറുള്ളതെന്ന് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു. 

അതേസമയം നഗരസഭ മുൻകൈയ്യെടുത്ത് നടത്തിയ തെരുവ് നായ വന്ധ്യംകരണ പദ്ധതി മൃഗസ്നേഹികളുടെ ഇടപെടൽ മൂലം നിർത്തിവയ്ക്കേണ്ടി വന്നതാണ് സ്ഥിതി ഗുരുതരമായതിന് കാരണമെന്ന് ആലപ്പുഴ മുൻസിപ്പൽ ചെയർപേഴ്സണ് സൗമ്യ രാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കഴിഞ്ഞ വർഷം തെരുവ് നായകളുടെ വന്ധ്യംകരണത്തിനായി നഗരസഭ 40 ലക്ഷം രൂപ നീക്കി വച്ചിരുന്നു. ഇതിൽ 25 ലക്ഷം രൂപയോളം ചിലവിടുകയും ചെയ്തു. തെരുവിൽ നിന്നും പിടികൂടുന്ന നായകളെ ഒരാഴ്ച ക്യാംപിൽ താമസിപ്പിച്ച് വന്ധ്യംകരിച്ച ശേഷം തിരികെ തെരുവിൽ തുറന്നു വിടുന്നതായിരുന്നു പദ്ധതി. 

പദ്ധതി വിചാരിച്ച രീതിയിൽ മുന്നോട്ട് നീങ്ങുകയും ഏതാണ്ട് 1500-ഓളം പട്ടികളെ വന്ധ്യംകരിക്കുകയും ചെയ്ത ഘട്ടത്തിൽ മൃഗസ്നേഹികൾ എതിർപ്പുമായി രംഗത്ത് എത്തി. മൃഗക്ഷേമ ബോർഡിൻ്റെ ലൈസൻസ് ഇല്ലാത്തവരാണ് പട്ടികളെ പിടികൂടുന്നത് എന്നായിരുന്നു ഇവരുടെ വാദം. ഇവർ ഹൈക്കോടതിയിൽ പോയി സ്റ്റേ വാങ്ങി. ഇതിനു പിന്നാലെ മൃഗക്ഷേമ ബോർഡിൻ്റെ ലൈസൻസ് ഇല്ലാത്തവരെ കൊണ്ട്  പട്ടികളെ പിടികൂടരുതെന്ന് സർക്കാർ ഉത്തരവിറക്കി. ഇതോടെ നഗരസഭയുടെ വന്ധ്യംകരണ പദ്ധതികൾ നിലച്ചെന്നും ചെയർപേഴ്സൺ പറയുന്നു.

ടെൻഡർ നൽകിയിട്ടും മൃഗക്ഷേമവകുപ്പിൻ്റെ രജിസ്ട്രേഷൻ ഉള്ളവരെ കേരളത്തിൽ കണ്ടെത്താനായില്ലന്ന് സൗമ്യ രാജ് പറയുന്നു. കേരളത്തിന് പുറത്തുള്ള വരെ കണ്ടെത്താൻ അടുത്തിടെ കലക്ടർ വിളിച്ച യോഗം തീരുമാനിച്ചെന്നും സൌമ്യ രാജ് വ്യക്തമാക്കി. 

അതേസമയം പേവിഷ ബാധയും തെരുവുനായ ആക്രമണവും തടയാനുള്ള  കർമ്മപദ്ധതിയിൽ സർക്കാരിന്റെ  അവലോകന യോഗം ഇന്ന്. തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തിൽ വൈകിട്ടാണ് ഉന്നതതല യോഗം.  ആരോഗ്യ- മൃഗസംരക്ഷണ- തദ്ദേശ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച സംയുക്ത കർമ്മപദ്ധതിയും,  തദ്ദേശ വകുപ്പ് നൽകിയ നിർദേശങ്ങൾ നടപ്പാക്കലുമാണ് പ്രധാന അജണ്ട.  തെരുവുനായകൾക്ക് പ്രത്യേക ഷെൽട്ടർ, സമ്പൂർണ വാക്സിനേഷൻ, വന്ധ്യംകരണം എന്നിവയിൽ വരുന്ന തീരുമാനങ്ങൾ നിർണായകമാണ്. മൂന്ന് വകുപ്പുകൾ  സംയുക്തമായി നേരത്തെ  കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നത്തെ  അവലോകനത്തിൽ  ആരോഗ്യ- മൃഗസംരക്ഷണ വകുപ്പ് മന്ത്രിമാർ പങ്കെടുക്കുന്നില്ല. 

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഗുരുതരമായ സ്ഥിതിയാണ് നിലവിലുള്ളതെന്നും സമ്മതിച്ച തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് ഇന്ന് മുഖ്യമന്ത്രിയുമായി വിഷയത്തിൽ കൂടിക്കാഴ്ച നടത്തുമെന്ന് അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉരുതിരിയുന്ന നിർദേശങ്ങളും വൈകിട്ടത്തെ യോഗത്തിൽ അജൻഡയായി എത്താൻ സാധ്യതയുണ്ട്. 

Follow Us:
Download App:
  • android
  • ios