തെരുവ് നായ കൂട്ടത്തോടെ കുറുകെ ചാടി; അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍റെ കാൽ ഒടിഞ്ഞു തൂങ്ങി

By Web TeamFirst Published Sep 21, 2022, 9:47 AM IST
Highlights

ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരിക്കേറ്റത്. കാൽ ഒടിഞ്ഞ് തൂങ്ങിയതിനാൽ വിജേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ കാരണം വീണ്ടും വാഹനാപകടം. കോഴിക്കോട് വടകര ചെക്കോട്ടി ബസാറിൽ നായ ബൈക്കിന് കുറുകെ ചാടിയാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്കേറ്റു. ചങ്ങരോത്ത് കണ്ടി വിജേഷിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ടാണ് സംഭവം. കാൽ ഒടിഞ്ഞ് തൂങ്ങിയതിനാൽ വിജേഷിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, സംസ്ഥാനത്ത് പേവിഷ പ്രതിരോധത്തിനായുള്ള തീവ്രയജ്ഞത്തിന് തുടരുകയാണ്. കർമ്മപദ്ധതിയുടെ ഭാഗമായവർക്കുള്ള പരിശീലനവും മുൻകരുതൽ വാക്സിനേഷനും പൂർത്തിയാകേണ്ടതിനാൽ വ്യാപക വന്ധ്യംകരണം പൂർണതോതിലാകാൻ വൈകും. നായ്ക്കളെ പിടിക്കാൻ വളണ്ടിയർമാരെ കുടുംബശ്രീ വഴി കണ്ടെത്താനാണ് സർക്കാർ ശ്രമം.  

തെരുവ് നായ്ക്കളെ പിടികൂടി വ്യാപക വാക്സിനേഷൻ, ഷെൽട്ടറുകളിലേക്ക് മാറ്റൽ, വന്ധ്യംകരണം, മാലിന്യം നീക്കി ശുചീകരണ യജ്ഞം. കൊവിഡിന് സമാനമായി പേവിഷ ബാധയും, തെരുവ് നായ ആക്രമണങ്ങളെയും ചെറുക്കാനുള്ള കർമ്മപദ്ധതി തുടങ്ങിയെങ്കിലും ട്രാക്കിലാകാൻ സമയമെടുക്കും. പ്രധാന ജില്ലാ കേന്ദ്രങ്ങൾ, കോർപ്പറേഷനുകൾ, സൗകര്യമുള്ള തദ്ദേശ കേന്ദ്രങ്ങൾ, വെറ്റിനറി ആശുപത്രികൾ എന്നിവിടങ്ങളിലാണ് പ്രധാനമായും  വാക്സിനേഷൻ നടക്കുന്നത്. ആവശ്യത്തിന് വാക്സിനുണ്ടെങ്കിലും പ്രധാനമായും വളർത്തുനായ്ക്കൾക്കാണ് വാക്സിനേഷൻ. 

നിലവിൽ 170 ഹോട്സ്പോട്ടുകളിലൂന്നിയാണ് പ്രവർത്തനം.  തെരുവുനായ്ക്കളെ പിടികൂടാൻ പരിശീലനം ലഭിച്ചവരെ കണ്ടെത്തി, മുൻകരുതൽ വാക്സിനേഷൻ നൽകി സജീവമാക്കാനാണ് ശ്രമം. പരിശീലനം ലഭിച്ചവർക്ക് മുൻകരുതൽ വാക്സിനേഷൻ നൽകി 21 ദിവസം കഴിഞ്ഞ് മാത്രമേ നായ്ക്കലെ പിടികൂടാൻ നിയോഗിക്കാവൂ എന്നതും കൂടുതൽ വൈകലിന് കാരണമാകും. ജീവനക്കാർക്ക് മുൻകരുതൽ വാക്സിൻ നൽകാൻ ആരോഗ്യവകുപ്പ് പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. വന്ധ്യംകരണം നടത്താൻ കുടുംബശ്രീയ്ക്കുണ്ടായിരുന്ന അനുമതി 28ന് സുപ്രീം കോടതി വഴി പുനസ്ഥാപിച്ചു കിട്ടുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ഒഴിഞ്ഞ കെട്ടിടങ്ങൾ ഏറ്റെടുത്ത് നായ്ക്കളെ തൽക്കാലത്തേക്ക് പാർപ്പിക്കുന്ന ഷെൽട്ടറുകൾ കണ്ടെത്തുന്നതും വലിയ വെല്ലുവിളിയാകും. 

click me!