തെരുവ് നായക്കള്‍ കൂട്ടത്തോടെ കുറുകെ ചാടി; അച്ഛനും മക്കൾക്കും പരിക്കേറ്റു

By Web TeamFirst Published Sep 12, 2022, 11:50 PM IST
Highlights

പ്രബീഷ് (38) മക്കളായ അഭിനവ് (10) , ആദിത്യൻ (4) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് അച്ഛനും മക്കൾക്കും തെറിച്ചു വീഴുകയായിരുന്നു.

കോഴിക്കോട്: സംസ്ഥാനത്ത് തെരുവുനായ കാരണം വീണ്ടും വാഹനാപകടം. തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തിൽ അച്ഛനും മക്കൾക്കും പരിക്കേറ്റു. കോഴിക്കോട് ചേളന്നൂരിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്.

പ്രബീഷ് (38) മക്കളായ അഭിനവ് (10) , ആദിത്യൻ (4) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണം വിട്ട സ്കൂട്ടറില്‍ നിന്ന് അച്ഛനും മക്കൾക്കും തെറിച്ചു വീഴുകയായിരുന്നു. കുട്ടികളെ സ്കൂളിൽ കൊണ്ട് വിടാൻ പോകും വഴി ആയിരുന്നു അപകടം. പ്രബീഷിന് കാൽ മുട്ടിന് സാരമായ പരിക്കുണ്ട്. കോഴിക്കോട് കുറ്റ്യാടിയിലും സമാനമായ അപകടം ഉണ്ടായിരുന്നു. കുറ്റ്യാടി വലിയ പാലത്തിന് സമീപത്ത് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ അമ്മയ്ക്കും മകനും പരിക്കേറ്റു. പേരെത്ത് മല്ലിക (45), മകൻ രജിൽ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കുപറ്റിയ മല്ലികയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Also Read: 'ആക്രമണകാരികളായ തെരുവുനായ്ക്കളെ കൊന്നൊടുക്കും'; അനുമതിക്കായി സുപ്രീംകോടതിയെ സമീപിക്കാൻ കേരളം

അതിനിടെ, കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് പിന്നാലെ തെരുവ് നായ പാഞ്ഞടുത്തതോടെ സ്കൂട്ടർ നിയന്ത്രണം വിട്ടുമറിഞ്ഞ് രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലം അഞ്ചൽ അഗസ്ത്യക്കോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ അഞ്ചൽ സ്വദേശികളായ അനിൽകുമാർ, സുജിത് എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം അഞ്ചലിലും സമാനമായ അപകടമുണ്ടായി. സ്കൂട്ടറിന് കുറുകേ തെരുവുനായ ചാടിയുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ഗുരുതര പരിക്കേറ്റു. കൊട്ടാരക്കര സ്വദേശിനി കവിതയ്ക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇടതുകാൽ പൂർണമായും ഒടിഞ്ഞു തൂങ്ങി. കവിതയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയയാക്കി. അഞ്ചൽ മാവിളയിൽ ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.

Also Read: കോഴിക്കോട്ട് കുട്ടിക്ക് നേരെ കുതിച്ചുചാടി തെരുവ് നായ, വീണപ്പോൾ കടിച്ചു വലിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം വൈക്കത്ത് സ്‌കൂട്ടറിന് കുറുകെ തെരുവ് നായ ചാടി ഉണ്ടായ അപകടത്തിൽ യുവ അഭിഭാഷകനും പരിക്കേറ്റു. വൈക്കം ബാറിലെ അഭിഭാഷകനായ മടിയത്തറ അഭയയില്‍ കാര്‍ത്തിക് ശാരംഗനാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെ വൈക്കം വടക്കേനട കൊച്ചാലും ചുവടുഭാഗത്ത്‌ വെച്ചായിരുന്നു അപകടം. വലത് കാലിന്‍റെ മുട്ടിനും രണ്ടും കൈക്കും നെറ്റിയിലും മൂക്കിനും പരിക്കേറ്റു. അപകടത്തിൽ കാര്‍ത്തിക്കിന്‍റെ രണ്ട് പല്ലും നഷ്ടമായി. മുട്ടുച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കാർത്തിക്. 

click me!