
പാലക്കാട്: തെരുവ് നായ ശല്യം രൂക്ഷമായ 25 ഹോട്ട് സ്പോട്ടുകൾ പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണവകുപ്പ് കണ്ടെത്തി. തെരുവ് നായകളിൽ നിന്നുള്ള സുരക്ഷാ ഭീഷണി ശക്തമായതോടെയാണ് നായകളുടെ സാന്നിധ്യം കൂടുതലുള്ള സ്ഥലങ്ങൾ കണ്ടെത്താൻ മൃഗസംരക്ഷണവകുപ്പ് പരിശോധന നടത്തിയത്. ഹോട്ട് സ്പോട്ടുകളിൽ പ്രത്യേക ശ്രദ്ധ നൽകാൻ പഞ്ചായത്ത് അധികൃതർക്ക് ജില്ലാ കളക്ടർ നിർദേശം നൽകി.
ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം പാലക്കാട് ജില്ലയില്‍ തെരുവുനായ ശല്യം കൂടുതലുള്ളത് 25 ഇടങ്ങളിലാണ്. പാലക്കാട്, കൊഴിഞ്ഞാമ്പാറ, കാഞ്ഞിരപ്പുഴ, കൊടുവായൂര്‍, തൃക്കടേരി, അമ്പലപ്പാറ, കേരളശ്ശേരി, ആലത്തൂര്‍, പുതുനഗരം, കാവശ്ശേരി, പട്ടാമ്പി നഗരസഭ, മേലാര്‍കോട്, പോത്തുണ്ടി, തൃത്താല, പെരുമാട്ടി, ചിറ്റൂര്‍ നഗരസഭ, തച്ചനാട്ടുകര, അയിലൂര്‍, നെന്മാറ, കുഴല്‍മന്ദം, കപ്പൂര്‍, മണ്ണാര്‍ക്കാട് നഗരസഭ, പല്ലശ്ശന, പട്ടിത്തറ, മാത്തൂര്‍ എന്നിവിടങ്ങളാണ് റിപ്പോര്‍ട്ടിലുളള ഹോട്ട് സ്‌പോട്ടുകള്‍.
ഇവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കാന്‍ ബ്ലോക്ക്-പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിട്ടുണ്ട്. തെരുവുനായ്ക്കള്‍ക്ക് ഷെല്‍റ്റര്‍ ഹോം സജ്ജീകരിക്കാനുള്ള പദ്ധതി ആവിഷ്‌കരിക്കാനും നായ്ക്കളുടെ ലൈസന്‍സിംഗ് കൃത്യമായി നടക്കുന്നുണ്ടെന്ന് നിരീക്ഷിക്കാനും പഞ്ചായത്ത് പരിധിയിലെ മാലിന്യ നിര്‍മാര്‍ജ്ജനം ഉറപ്പാക്കാനും പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സെപ്റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 20 വരെ നായ്ക്കള്‍ക്കുളള വാക്‌സിനേഷന്‍ ഡ്രൈവ് കൃത്യമായി നടത്താനും ജില്ലാ കലക്ടറുടെ നിര്‍ദേശമുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam