പ്രധാന വാതില്‍ വിശ്രമ സ്ഥലമാക്കി തെരുവുനായ, കണ്ണടച്ച് അധിക്യതർ

By Web TeamFirst Published Jun 8, 2023, 8:39 AM IST
Highlights

പഞ്ചായത്ത് ജീവനക്കാരിക്ക് കടിയേറ്റ തലവടി പഞ്ചായത്ത് ഫ്രണ്ട് ഓഫീസ് പടിക്കൽ തെരുവുനായ. കണ്ണടച്ച് പഞ്ചായത്ത് അധിതകൃതർ.

എടത്വാ: പഞ്ചായത്ത് ജീവനക്കാരിയെ അടക്കം തെരുവുനായ കടിച്ച് പരിക്കേല്‍പ്പിച്ചെങ്കിലും പഞ്ചായത്ത് ഓഫീസിനി മുന്നിലെ നായ ശല്യത്തിന് പരിഹാരം പോലും കാണാന്‍ ശ്രമിക്കാതെ അധികൃതര്‍. കഴിഞ്ഞ ദിവസമാണ് തലവടി പഞ്ചായത്തിലെ ഓഫീസ് അറ്റന്റർ രാധിക ആർ ഉൾപ്പെടെ നിരവധി ആളുകൾക്കാണ് പഞ്ചായത്തിന് മുൻപിൽ വെച്ച് തെരുവുനായുടെ കടിയേറ്റത്.

അക്രമാസക്തയായ നായയെ പിടികൂടിയെങ്കിലും പഞ്ചായത്ത് ജംഗ്ഷനിൽ തെരുവ് നായുടെ ശല്യം കൂടിവരുകയാണ്. ഇന്ന് പഞ്ചായത്തിന്റെ ഫ്രണ്ട് ഓഫീസ് പടിക്കൽ തെരുവുനായ കിടന്നിട്ടും നായയെ തുരത്താൻ പോലും പഞ്ചായത്ത് അധികൃതർക്ക് തയ്യാറായില്ല. ജനപ്രതിനിധികളും ജീവനക്കാരും ഓഫീസിലേക്ക് കടക്കുന്ന പ്രധാന വാതിലിനോട് ചേർന്നാണ് തെരുവുനായ വിശ്രമിക്കുന്നത്. വ്യദ്ധരും സ്ത്രീകളും ഉൾപ്പെടെ നിരവധി ഗുണഭോക്താക്കളാണ് ദിവസേന പഞ്ചായത്തിൽ എത്തുന്നത്. ഓഫീസ് ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് തെരുവുനായയെ കടന്നുവേണം ഉള്ളിൽ കടക്കാൻ. ജംഗ്ഷനിൽ നായയുടെ ശല്യം മൂലം ജനങ്ങൾ പൊരുതി മുട്ടുമ്പോഴാണ് പഞ്ചായത്ത് ഓഫീസ് വളപ്പിലും തെരുവുനായയുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുന്നത്. പഞ്ചായത്ത് അധിക്യതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

തലവടി പഞ്ചായത്തിലെ ഓഫീസ് അറ്റന്റർ രാധിക ആർ, തലവടി തുളസീവനത്തിൽ എം.എസ് ശാരദ, ആഞ്ഞിലിമൂട്ടിൽ ജോസഫ്, മാത്തൂർ ഗോപിനാഥൻ എന്നിവർക്കും എറണാകുളം സ്വദേശികളായ രണ്ടുപേർക്കും കണിയാംപറമ്പിൽ  ശശിയുടെ ആടിനുമാണ് കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.  പഞ്ചായത്തിലെ പണം ബാങ്കിൽ അടയ്ക്കാൻ പോകുന്ന വഴിക്കാണ് രാധികയ്ക്ക് കടിയേറ്റത്. കാലിന്റെ മടക്കിന് താഴയും മുകളിലുമായി നിരവധി സ്ഥലങ്ങളിൽ നായ കടിച്ചിരുന്നു. നായയുടെ അക്രമണത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചതിനാൽ വീണും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വീട്ടുമുറ്റത്ത് നിന്ന ശാരദയുടെ കൈക്കാണ് കടിയേറ്റത്. ഗോപിനാഥന്റെയും ജോസഫിന്റേയും കാലിന് കടിയേറ്റിട്ടുണ്ട്. ശശിയുടെ കെട്ടിയിട്ടിരുന്ന ആടിനെ കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. 


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!