
തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ തെരുവുനായ ശല്യംകുറയ്ക്കുന്നതിനായി കോർപ്പറേഷൻ പൂവാറിൽ ആരംഭിച്ച ഷെൽട്ടറിൽ നിന്നും തെരുവുനായ്ക്കളെ തുറന്നുവിടുന്നതായി പരാതി. കോർപ്പറേഷന്‍റെ ഷെൽട്ടറായി മാറ്റിയ ശേഷം കരുംകുളം പഞ്ചായത്ത് പരിധിയിൽ തെളിവുനായ്ക്കളുടെ എണ്ണം ക്രമാതീതമായ വർദ്ധിച്ചിട്ടുണ്ടെന്നും തെരുവുനായ ആക്രമണം വ്യാപകമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികൾ പ്രതിഷേധിച്ചു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയുടെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി അധികാരത്തിലെത്തിയതിന് പിന്നാലെ പഞ്ചായത്തിന്‍റെയോ മറ്റ് തദ്ദേശസ്ഥാപനങ്ങളുടെയോ യാതൊരു ലൈസൻസും ഇല്ലാതെ അനധികൃതമായി ആരംഭിച്ച ഷെൽറ്റർ സമീപവാസികൾക്കടക്കം ദുരിതമാണെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. തെരുവുനായ ഷെല്‍ട്ടര്‍ ആരംഭിച്ചതിനുശേഷം പ്രദേശത്ത് ആക്രമണം വർധിച്ചിരിക്കുന്നതായി പഞ്ചായത്ത് അധികൃതർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കഴിഞ്ഞ മാസത്തെ മാത്രം കണക്കെടുത്താൽ 27 പേർക്കാണ് നായയുടെ കടിയേറ്റത് ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രി, പുല്ലുവിള ആശുപത്രി എന്നിവിടങ്ങളിൽ എത്തിച്ചാണ് ചികിത്സ നൽകിയത്. അനുദിനം തെരുവ് നായയുടെ ആക്രമണവും രാത്രികാലങ്ങളിൽ വഴി നടക്കാത്ത കഴിയാത്ത സാഹചര്യമാണ്. സർക്കാർ ഇടപെട്ട് വിഷയത്തിൽ അടിയന്തര നടപടി വേണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം.
തെരുവ് നായ് ഷെല്‍ട്ടറിനെതിരെ കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധം
നേരത്തെ പശുക്കൾക്കായി ആരംഭിച്ച ഫാം പിന്നീട് തെരുവുനായ്ക്കളുടെ ഷെൽട്ടറാക്കി മാറ്റിയാണ് സ്വകാര്യ വ്യക്തി കോർപ്പറേഷൻ സഹായത്തോടെ പ്രവർത്തിപ്പിക്കുന്നതെന്ന് സമീപവാസികൾ പറയുന്നു. ഷെൽട്ടർ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലമോ മറ്റ് സൗകര്യങ്ങളോ ഇവിടെയില്ല. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ നിന്നും പ്രവർത്തനം കോർപ്പറേഷൻ പരിധിയിൽ നിന്നും പിടിച്ചുകൊണ്ടുവരുന്ന നൂറുകണക്കിന് നായ്ക്കളെ ഇവിടെ പാർപ്പിച്ചിരിക്കുന്നു. എന്നാൽ, ഇതിന് കൃത്യമായി വന്ധ്യംകരണമോ ഭക്ഷണം നൽകാനോ ഷെൽട്ടർ ഉടമ തയ്യാറാകുന്നില്ല. കൃത്യമായ മാലിന്യ സംസ്കരണം, മൃഗങ്ങളെ വൃത്തിയാക്കൽ ഇതൊന്നും ചെയ്യാത്തതിനാൽ പ്രദേശത്ത് അതിരൂക്ഷമായ ഗന്ധമാണെന്നും നാട്ടുകാർ പറയുന്നു. ഇതിനൊപ്പം നഗരത്തിൽ ശല്യമായിരുന്ന നായ്ക്കളെ രാത്രികാലങ്ങളിൽ പ്രദേശത്തേക്ക് തുറന്നു വിടുകയാണെന്നും പഞ്ചായത്ത് അധികൃതർ ഉൾപ്പടെ പറയുന്നു.
വിഷയം ചൂണ്ടിക്കാട്ടി സർക്കാരിലേക്ക് കത്ത് നൽകിയെങ്കിലും ഉടമയുടെ ഉന്നത ബന്ധം കൊണ്ട് അവയെല്ലാം ഒതുക്കി തീർക്കുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഏറ്റവും ചെറിയ പഞ്ചായത്തും ജനസാന്ദ്രത കൂടിയതുമായ കരുംകുളം പഞ്ചായത്തിൽ നിന്നും ഷെൽട്ടർ അടിയന്തരമായി മാറ്റി ജനജീവിതം സാധാരണഗതിയിൽ ആക്കണമെന്നാണ് പഞ്ചായത്തിന്‍റെ ആവശ്യം. ജനവാസ കേന്ദ്രത്തിന് മധ്യത്തിൽ ആയി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ പ്രവർത്തിക്കുന്ന തെരുവുനായ ഷെൽട്ടർ സമീപവാസികൾക്ക് ദുരിതമായതോടെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് നാട്ടുകാർ. പ്രതിഷേധം ശക്തമായതോടെ കോർപ്പറേഷൻ നായ്ക്കളെ കൊണ്ടുവരുന്നത് താൽക്കാലികമായി നിർത്തി. എന്നാൽ, രാത്രികാലങ്ങളിൽ നായ്ക്കളെ തുറന്നുവിട്ട് ജനജീവിതം ദുസ്സഹമാക്കുന്നതിനെതിരെയാണ് പുതിയ പ്രതിഷേധം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam