വയനാട്ടില്‍ തെരുവ്‌നായ ശല്യം; പേയിളകി പശുക്കള്‍ ചത്തതോടെ ആശങ്കയിലായി ക്ഷീരകര്‍ഷകര്‍

By Web TeamFirst Published Nov 22, 2021, 2:40 AM IST
Highlights

ചണ്ണാളി പീടിയേക്കുടിയില്‍ തോമസ്, പെരിമ്പിള്ളിത്താഴത്ത് വര്‍ഗീസ്, പാലക്കമൂല കൊറ്റിമുണ്ട മുജീബ് റഹ്മാന്‍ എന്നിവരുടെ പശുക്കളാണ് ചത്തത്. മേലോത്ത് കുര്യാച്ചന്റെ രണ്ടുപശുക്കള്‍ക്കും മേലോത്ത് കുഞ്ഞുമോന്റെ ഒരു പശുവിനും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. 

കല്‍പ്പറ്റ: വയനാട്ടിലെ ജനവാസ പ്രദേശങ്ങളിലും ടൗണുകളിലും രൂക്ഷമായ തെരുവ്‌നായ്ക്കളുടെ (Stray dog) ശല്യം ചര്‍ച്ചയാകുന്നതിനിടെ പേയിളകി പശുക്കള്‍ ചത്തതോടെ ക്ഷീര കര്‍ഷകര്‍ (Dairy Farmers) ആശങ്കയേറ്റുന്നു. കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ ആക്രമണത്തെ തുടര്‍ന്ന് ആറുപശുക്കള്‍ക്ക് വിഷബാധയേല്‍ക്കുയും മൂന്നെണ്ണം ചാകുകയും ചെയ്തിരുന്നു. മറ്റുള്ളവയുടെ ആരോഗ്യനില വഷളായ നിലയിലാണ്. 

ചണ്ണാളി പീടിയേക്കുടിയില്‍ തോമസ്, പെരിമ്പിള്ളിത്താഴത്ത് വര്‍ഗീസ്, പാലക്കമൂല കൊറ്റിമുണ്ട മുജീബ് റഹ്മാന്‍ എന്നിവരുടെ പശുക്കളാണ് ചത്തത്. മേലോത്ത് കുര്യാച്ചന്റെ രണ്ടുപശുക്കള്‍ക്കും മേലോത്ത് കുഞ്ഞുമോന്റെ ഒരു പശുവിനും പേപ്പട്ടിയുടെ കടിയേറ്റിരുന്നു. കഴിഞ്ഞ മാസം 27-നാണ് പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ പേപ്പട്ടി ആക്രമിച്ചത്. സമീപത്തെ ഒമ്പതുവയസ്സുകാരിയെയും ആക്രമിച്ചിരുന്നെങ്കിലും കുട്ടി ചികിത്സ തേടിയിരുന്നു. സംഭവദിവസം തന്നെ മീനങ്ങാടിയിലെ വെറ്ററിനറി ഡോക്ടറും പാലക്കമൂല പാല്‍ സൊസൈറ്റിയിലെ ഡോക്ടറും പ്രദേശത്തെത്തി പരിശോധന നടത്തിയിരുന്നു. തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചതിന് ശേഷം ആക്രമണത്തിന് ഇരയായ മൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി വരുന്നതിനിടെയാണ് വളര്‍ത്തുമൃഗങ്ങളില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. 

ഇതോടെ ഭീതിയിലായ കര്‍ഷകര്‍ തങ്ങളുടെ ഉപജീവനമാര്‍ഗം കൂടി ഇല്ലാതാവുന്ന സങ്കടത്തിലാണ്. മീനങ്ങാടി പഞ്ചായത്ത് പരിധിയില്‍ മീനങ്ങാടി ടൗണ്‍, മാര്‍ക്കറ്റ് റോഡ്, സ്‌കൂള്‍ പരിസരം, 54, ചെണ്ടക്കുനി, ചണ്ണാളി, കോലമ്പറ്റ, കാര്യമ്പാടി, പന്നിമുണ്ട കാക്കവയല്‍ തുടങ്ങി നിരവധിയിടങ്ങളിലാണ് തെരുവുനായ ശല്യം രൂക്ഷമായിരിക്കുന്നത്. സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ നഗരസഭ, അമ്പലവയല്‍, നെന്മേനി, നൂല്‍പ്പുഴ പഞ്ചായത്ത് പ്രദേശങ്ങളിലും തെരുവ്‌നായ്ക്കളുടെ ശല്യം രൂക്ഷമാണ്. അതേ സമയം ചിലയിടങ്ങളില്‍ തെരുവ്‌നായ വന്ധ്യകരണ പദ്ധതി നിര്‍ത്തിവെച്ചതാണ് ഇവയുടെ പെറ്റുപെരുകലിന് കാരണമായിരിക്കുന്നതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. 

എന്നാല്‍ തെരുവ് നായ്ക്കള്‍ ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ വന്ധ്യകരണം കൊണ്ട് മാത്രം പ്രതിസന്ധിക്ക് പരിഹാരമാവില്ലെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. പശുക്കള്‍ക്ക് നേരെ ആക്രമണമുണ്ടായ പാലക്കമൂലയില്‍ തെരുവുയശല്യം നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. ചണ്ണാളി ഗവ. എല്‍.പി. സ്‌കൂള്‍, മുസ്‌ലിം പള്ളി, മദ്രസ എന്നിവ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ സഞ്ചരിക്കുന്ന പാതകളില്‍ തെരുവുനായകള്‍ വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.

click me!