
മലപ്പുറം: വണ്ടൂർ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമെന്ന് പരാതി. വണ്ടൂർ ചെട്ടിയാറമ്മലിൽ വീട്ടിൽ വളർത്തുന്ന ഇരുപതോളം മുയലുകളെ തെരുവ് നായകള്‍ കടിച്ചുകൊന്നു. ചെട്ടിയാറമ്മൽ സ്വദേശി രുഗ്മിണി നിവാസിൽ രഞ്ജിത്ത് മേനോന്‍റെ വീട്ടിലെ ഇരുമ്പു കൂട് പൊളിച്ചാണ് 20 മുയലുകളെ തെരുവ് നായകൾ കടിച്ചു കൊന്നത്. രാവിലെ രഞ്ജിത്ത് മുയലുകള്‍ക്ക് ഭക്ഷണം കൊടുക്കാനായി കൂടിനടുത്തേക്ക് ചെന്നപ്പോഴാണ് ഇരുമ്പ് ഗ്രിൽ ഉപയോഗിച്ച് നിർമ്മിച്ച കൂട് തകർന്നു കിടക്കുന്ന നിലയിൽ കണ്ടത്.
കൂടിന് സമീപത്തായി 17 മുയലുകൾ നായകളുടെ കടിയേറ്റ് ചത്തു കിടക്കുന്ന നിലയിലായിരുന്നു. രജ്ഞിത്ത് മേനോന്റെ ഭാര്യയാണ് മുയലുകളെ വളർത്തുന്നത്. ബാക്കി മുയലുകളെ നായകള്‍ കൊന്നു തിന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് വീട്ടുകാർ. അങ്ങാടികളിൽ തെരുവ് നായകള്‍ കൂട്ടത്തോടെ അലഞ്ഞ് നടക്കുക അവസ്ഥയാണെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു. അതേസമയം കോഴിക്കോടും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തു.
കോഴിഫാമിൽ വളർത്തുന്ന നൂറിലേറെ കോഴികളെയാണ് തെരുവ് നായകൾ കടിച്ചുകൊന്നത്. കോഴിക്കോട് ചാത്തമംഗലം സ്വദേശി കണ്ണങ്ങോട്ട്ചാൽ രാവുണ്ണിയുടെ സർക്കാർ അംഗീകൃത ഫാമായ പ്രിയദർശിനി എഗർ നഴ്സറിയിലെ കോഴികളെയാണ് ഇന്നലെ പുലർച്ചെ നാല് മണിയോടെ തെരുവ് നായകള്‍ കൂട്ടത്തോടെ എത്തി കൊന്നത്. ഗ്രാമശ്രീ ഇനത്തിൽപ്പെട്ട നാല് മാസം പ്രായമായ കോഴിക്കുഞ്ഞുങ്ങളെയാണ് തെരുവ് നായ അക്രമത്തിൽ ചത്തത്.
നിരവധി കോഴിക്കുഞ്ഞുങ്ങൾ പരിക്കേറ്റ് അവശനിലയിലുമാണ്. ഇരുമ്പ് നെറ്റ് കൊണ്ടുള്ള അടച്ചുറപ്പുള്ള ഫാമിലാണ് തെരുവു നായകള്‍ കയറി അക്രമം നടത്തിയത്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്നും ഇങ്ങനെ ആയാല്‍ ഫാം നടത്തിക്കൊണ്ടുപോകാൻ പ്രയാസമാണെന്നും രാവുണ്ണി പറഞ്ഞു. രാവുണ്ണി 40 വർഷമായി ഇവിടെ സർക്കാർ അംഗീകൃത ഫാം നടത്തിവരുകയാണ്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇടപെട്ട് തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.
Read More : ഇറച്ചിക്കോഴി കച്ചവടം; പണം കൊടുക്കാൻ വൈകിയതിന് എംബിഎ വിദ്യാർത്ഥിക്ക് നേരെ വധശ്രമം, പ്രതികൾക്ക് 15വർഷം തടവ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam