Latest Videos

വന്ധ്യംകരണ പദ്ധതി നിലച്ചു; മലപ്പുറത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം, ഭീതിയിൽ നാട്ടുകാർ

By Web TeamFirst Published Oct 17, 2019, 10:07 AM IST
Highlights

മലപ്പുറത്ത് ഒരു സന്നദ്ധസംഘടനയാണ് ഒരു നായക്ക് 1800 രൂപ നിരക്കില്‍ വന്ധ്യംകരണം ഏറ്റെടുത്തിരുന്നത്. പദ്ധതി വിജയകരമായി നടന്നുവന്നതോടെ തെരുവ് നായകളുടെ എണ്ണം നല്ലരീതിയില്‍ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.

മലപ്പുറം: വന്ധ്യംകരണ പദ്ധതി നിലച്ചതോടെ മലപ്പുറത്ത് തെരുവ് നായ ശല്യം രൂക്ഷമായി. കുട്ടികളടക്കം നിരവധി പേര്‍ക്ക് കടിയേറ്റിട്ടും തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കാൻ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നില്ല.

ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ എന്ന എബിസി പദ്ധതി പ്രകാരമാണ് നേരത്തെ തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ചിരുന്നത്. ഗ്രാമ പഞ്ചായത്തുകളുടെ സാമ്പത്തിക സഹായത്തോടെ മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയിരുന്നത്. മലപ്പുറത്ത് ഒരു സന്നദ്ധസംഘടനയാണ് ഒരു നായക്ക് 1800 രൂപ നിരക്കില്‍ വന്ധ്യംകരണം ഏറ്റെടുത്തിരുന്നത്. പദ്ധതി വിജയകരമായി നടന്നുവന്നതോടെ തെരുവ് നായകളുടെ എണ്ണം നല്ലരീതിയില്‍ നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നു.

ഇതിനിടയില്‍ കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ പദ്ധതി കുടുംബശ്രീക്ക് കൈമാറാൻ നര്‍ദ്ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇതോടെ ഏപ്രില്‍ മാസത്തോടെ സന്നദ്ധ സംഘടനയെ കരാറില്‍ നിന്ന് ജില്ലാ പഞ്ചായത്ത് ഒഴിവാക്കി. പകരം നിര്‍ദ്ദേശിച്ച കുടുംബശ്രീയാകട്ടെ പദ്ധതി ഏറ്റെടുത്തെങ്കിലും പരിശീലനമടക്കമുള്ള തുടര്‍ നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.

Read More:

രണ്ട് ദിവസങ്ങൾക്ക് മുന്നേ പൊന്നാനിയിലും വണ്ടൂരിലുമായി എട്ട് പേര്‍ക്കാണ് തെരുവ് നായ്ക്കളുടെ കടിയേറ്റത്. ഒറ്റപെട്ട ആക്രമണങ്ങള്‍ ഇതിനു പുറമേയുണ്ട്. സ്കൂള്‍ കുട്ടികളടക്കം വലിയ ഭീതിയിലാണ് കഴിയുന്നത്. എന്നാല്‍, സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പദ്ധതി കുടുംബശ്രീ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്നാണ് കുടുംബശ്രീ മിഷന്‍റെ വിശദീകരണം. അടുത്ത ആഴ്ചയോടെ മലപ്പുറത്തും അംഗങ്ങള്‍ക്ക് പരിശീലനമടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നും കുടുംബശ്രീ മിഷൻ അറിയിച്ചു.

 

click me!