ഒരു വർഷം പൂർത്തിയാകും മുമ്പേ പാലത്തിൽ വിള്ളൽ; പണിതത് പാലാരിവട്ടം പാലത്തിന്റെ കരാർ കമ്പനി

By Web TeamFirst Published Oct 17, 2019, 9:47 AM IST
Highlights

നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ നവംബറിൽ തുറന്നുകൊടുത്ത പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോ‍ഡിലെ താവം മേൽപ്പാലത്തിന്‍റെ അടിഭാഗത്താണ് ഒരു മീറ്ററോളം നീളത്തിലുള്ള വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. 

കണ്ണൂർ: നിർമ്മാണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയാകും മുമ്പേ കണ്ണൂരിലെ താവം, പാപ്പിനിശ്ശേരി റെയിൽവേ മേൽപ്പാലങ്ങളിൽ വിള്ളൽ. പാലാരിവട്ടം പാലം പണിത ആർ‍ഡിഎസ് എന്ന കരാർ കമ്പനിയാണ് ഇരുമേൽപ്പാലങ്ങളും നിർമ്മിച്ചിരിക്കുന്നത്. പാലാരിവട്ടത്തെ അവസ്ഥ ഈ പാലങ്ങൾക്കും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

നിർമ്മാണം പൂർത്തിയാക്കി കഴിഞ്ഞ നവംബറിൽ തുറന്നുകൊടുത്ത പാപ്പിനിശ്ശേരി പിലാത്തറ കെഎസ്ടിപി റോ‍ഡിലെ താവം മേൽപ്പാലത്തിന്‍റെ അടിഭാഗത്താണ് ഒരു മീറ്ററോളം നീളത്തിലുള്ള വിള്ളൽ കണ്ടെത്തിയിരിക്കുന്നത്. ഡിസൈനനുസരിച്ചല്ല നിർമ്മാണമെന്നാണ് വിദഗ്ധ സംഘത്തിന്‍റെ പരിശോധനയിലെ കണ്ടെത്തൽ. എന്നാൽ, പാലത്തിന് ഭീഷണിയില്ലെന്നും തകരാർ പരിഹരിക്കാൻ നടപടികൾ തുടങ്ങിയെന്നുമാണ് കെഎസ്ടിപി അധികൃതരുടെ വിശദീകരണം.  

ഇതുതന്നെയാണ് പാപ്പിനിശ്ശേരി റെയിൽ മേൽപ്പാലത്തിന്റെയും അവസ്ഥ. പാപ്പിനിശ്ശേരിയിലെ പാലവും നിർമ്മിച്ചത് ആർഡിഎസ് കമ്പനി തന്നെയാണ്. നിർമ്മാണം കഴി‍ഞ്ഞ് ഒരു വർഷമാകുമ്പോഴേക്കും എക്സ്പാൻഷൻ ജോയിന്‍റുകൾ തകർന്നു തുടങ്ങി. കമ്പിപോലും പുറത്തുവന്ന പാലത്തിന്റെ വിള്ളലുകളിൽ താൽക്കാലികമായി സിമന്‍റ് നിറച്ച് അടച്ചിരിക്കുകയാണിപ്പോൾ. 

എക്സ്പാൻഷൻ ജോയിന്‍റുകൾ ബലപ്പെടുത്തണമെങ്കിൽ റോഡ‍് ഗതാഗതം നിർത്തിവച്ച് അറ്റകുറ്റപ്പണികൾ നടത്തണം. നിർമ്മാണത്തിലെ അപാകതയുണ്ടെന്നും വിദഗ്ധ സംഘം പരിശോധിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. പാലത്തിൽ നിന്നും വെള്ളം ഒഴുകിപ്പോകുന്നതിനു പോലും സംവിധാനമില്ലെന്നും നാട്ടുകാർ പറഞ്ഞു. എന്നാൽ പാലത്തിന് ബലക്ഷയമില്ലെന്നും നിലവിലെ തകരാർ എങ്ങനെ ഉണ്ടായി എന്ന് അന്വേഷിക്കുകയാണെന്നുമാണ് കെഎസ്ടിപി അധികൃതരുടെ വിശദീകരണം.

click me!