
ഹരിപ്പാട്: തെരുവ് നായ ആക്രമണത്തില്‍ സ്കൂൾ വിദ്യാർഥികളടക്കം ഏഴ് പേർക്ക് കടിയേറ്റു. ദേശീയപാതയിൽ കരുവാറ്റ ഹൈസ്കൂൾ ജംഗ്ഷന് സമീപവും കുമാരപുരത്തും കഴിഞ്ഞ ദിവസം വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. കരുവാറ്റയിൽ സ്കൂൾ വിട്ട് പോയ വിദ്യാർഥികളെയും ബസ് കാത്ത് നിന്നവരെയുമാണ് തെരുവ് നായ കടിച്ചത്. കുമാരപുരത്ത് സ്കൂൾ ബസിൽ നിന്നും ഇറങ്ങിയ കുട്ടിയെയും മാതാവിനെയുമാണ് കടിച്ചത്.
വിദ്യാർഥികളായ താമല്ലാക്കൽ നാടേരത്ത് അമൃത (5), കരുവാറ്റ പുത്തൻകണ്ടത്തിൽ കീർത്തന (13), കരുവാറ്റ മൂലശ്ശേരിൽ അഞ്ജലി (11), വലിയപറമ്പ് ആദർശ് ഭവനത്തിൽ അശ്വിൻ (17), സെയിൽസ് എക്സിക്യൂട്ടീവ് റാന്നി സ്വദേശി രാജി (30), എന്നിവർക്കാണ് കരുവാറ്റയിൽ നായയുടെ അക്രമണത്തിൽ കടിയേറ്റത്. കുമാരപുരം ഷഹന മൻസിലിൽ സജിത (38), മകൾ സെൽവ (6) എന്നിവർക്കാണ് കുമാരപുരത്ത് കടിയേറ്റത്.
എല്ലാവരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തി പ്രാഥമിക ചികിത്സയ്ക്ക് ശേഷം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അമൃതയ്ക്കും, സെൽവയ്ക്കും മുഖത്തും കടിയേറ്റിട്ടുണ്ട്. ബാക്കിയുള്ളവർക്ക് കൈ, കാൽ ഭാഗങ്ങളിലാണ് കൂടുതൽ പരിക്ക്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam