തെരുവ് നായ ശല്യം രൂക്ഷം; വളർത്ത് മുയലുകളെ കടിച്ചു കൊന്നു, സംഭവം കൊച്ചിയില്‍

Published : Sep 13, 2022, 09:51 PM ISTUpdated : Sep 13, 2022, 09:56 PM IST
തെരുവ് നായ ശല്യം രൂക്ഷം; വളർത്ത് മുയലുകളെ കടിച്ചു കൊന്നു, സംഭവം കൊച്ചിയില്‍

Synopsis

വീടിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട് തകർത്താണ് തെരുവ് നായക്കൾ മുയലുകളെ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാർ പറഞ്ഞു.

കൊച്ചി: എറണാകുളം കോതമംഗലത്ത് തെരുവ് നായക്കളുടെ ആക്രമണത്തിൽ ആറ് വളർത്ത് മുയലുകൾ ചത്തു. പിണ്ടിമന പഞ്ചായത്തിലെ അയിരൂർപ്പാടത്താണ് സംഭവം. താജ് എന്നയാളുടെ ആറ് മുയലുകളെയാണ് തെരുവ് നായ്ക്കൾ കടിച്ചു കൊന്നത്. വീടിന് സമീപം സ്ഥാപിച്ചിരുന്ന ഇരുമ്പ് കൂട് തകർത്താണ് തെരുവ് നായക്കൾ മുയലുകളെ ആക്രമിച്ചത്. ഏതാനും ദിവസങ്ങളായി ഈ മേഖലയിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുക്കാർ പറഞ്ഞു.

സംസ്ഥാനത്താകെ തെരുവ് നായ ശല്യം അതിരൂക്ഷമായി തുടരുകയാണ്. തെരുവ് നായകള്‍ക്കെതിരായ സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നടപടികള്‍ ഇഴഞ്ഞു നീങ്ങുമ്പോള്‍ നാട്ടുകാര്‍ സ്വന്തം നിലയില്‍ നായകള്‍ക്കെതിരെ തിരിയുന്നതിന്‍റെ സൂചനകളും ഇതിനോടകം പുറത്തുവന്നു കഴിഞ്ഞു. കൊച്ചി എരൂരില്‍ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയില്‍ കണ്ടെത്തി. അഞ്ച് തെരുവ് നായകളാണ് ചത്തത്. ചത്ത നായ്ക്കളെ ഇന്നലെ തന്നെ കുഴിച്ചിട്ടു. കഴിഞ്ഞ ദിവസം കോട്ടയത്തും സമാനമായ സംഭവം നടന്നിരുന്നു.

Also Read: മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന തെരുവുനായയെ കൊന്ന് കെട്ടിതൂക്കി; സംഭവം കോട്ടയത്ത്

കോട്ടയത്തെ മുളക്കുളത്താണ് തെരുവ് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃഗങ്ങളോടുള്ള ക്രൂരതയ്‍ക്കെതിരായ വകുപ്പ് ചുമത്തിയാണ് വെളളൂർ പൊലീസ് കേസെടുത്തത്. മൃഗസ്നേഹികളുടെ പരാതിയെ തുടർന്ന് മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരെത്തി ചത്ത നായകളുടെ പോസ്റ്റ്മോർട്ടം നടത്തി. തിങ്കളാഴ്ച രാവിലെയാണ് മുളക്കുളം പഞ്ചായത്തിലെ കാരിക്കോട്, കയ്യൂരിക്കൽ, കീഴൂർ എന്നിവിടങ്ങളിൽ നായ്ക്കളെ കൂട്ടത്തോടെ ചത്തനിലയിൽ കണ്ടെത്തിയത്. 12 നായകളാണ് ചത്തത്. വിഷം കൊടുത്തു കൊന്നതിന്റെ ലക്ഷണങ്ങളോടെയാണ് നായകളുടെയെല്ലാം ശവങ്ങൾ കണ്ടെത്തിയത്.  നായ ശല്യം രൂക്ഷമായ മേഖലയായതിനാൽ സംഭവത്തെ പറ്റി അന്വേഷണം വേണ്ടെന്നായിരുന്നു പഞ്ചായത്തിന്‍റെ നിലപാട്.

PREV
Read more Articles on
click me!

Recommended Stories

രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന; ലോറിയില്‍ മൈദച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചത് ഒന്നരക്കോടി രൂപയുടെ ഹാൻസ് പാക്കറ്റുകള്‍
രാത്രി സ്‌കൂട്ടറോടിച്ച് മനോജ് എത്തിയത് പൊലീസിന് മുന്നിൽ; ഫൂട്ട് ബോർഡിലെ ചാക്കിൽ നിറച്ച് കടത്തിയ 450 പാക്കറ്റ് ഹാൻസുമായി പിടിയിൽ