
കൊല്ലം: ശാസ്താംകോട്ടയിൽ ചത്ത തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചത്. ഈ നായ രണ്ട് സ്ത്രീകളെയും പ്രദേശത്തെ വളർത്ത് മൃഗങ്ങളെയും കഴിഞ്ഞ ദിവസം കടിച്ചിരുന്നു. പതിനാറാം വാർഡ് പള്ളിശ്ശേരിക്കലിലെ രണ്ട് സ്ത്രീകളെയാണ് നായ കടിച്ചത്. ഇവര്‍ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും വാക്സീൻ സ്വീകരിച്ചിട്ടുണ്ട്. ഞായറാഴ്ച്ച ഉച്ചയ്ക്കാണ് തെരുവ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.പേവിഷബാധയുണ്ടെന്നാണ് സംശയത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. നായയുടെ കടിയേറ്റതിനെ തുടർന്ന് വാക്സിനെടുത്ത വീട്ടമ്മമാർ നിരീക്ഷണത്തിലാണ്.
അതിനിടെ, കോട്ടയത്ത് തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ സംഭവവും ഉണ്ടായി. കോട്ടയം പെരുന്നയില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്താണ് സംഭവമുണ്ടായത്. മാസങ്ങളായി നാട്ടുകാർക്ക് ശല്യമായിരുന്ന നായയെയാണ് കൊന്ന് കെട്ടിതൂക്കിയത്. മൃതദേഹത്തിന് താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് തെരുവുനായയെ കൊന്നതെന്ന് വ്യക്തമല്ല.
തെരുവുനായ ശല്യം രൂക്ഷം, കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്
അതിനിടെ, തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. സംസ്ഥാനത്തെ തെരുവുനായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള എബിസി പദ്ധതിയുടെ നടപടികൾ ഏകോപിപ്പിക്കുന്നതിന് ജില്ലാ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കാൻ തീരുമാനമായി. ജില്ലാ ഭരണകൂടത്തിന്റെ ഏകോപനത്തിലാകും തെരുവ് നായ പ്രശ്ന പരിഹാരത്തിനുള്ള തീരുമാനങ്ങൾ നടപ്പിലാക്കുക. സര്‍ക്കാരിന്റെ നേതൃത്വത്തിൽ, കൊവിഡ്, പ്രളയ കാലത്ത് നടത്തിയ ജനകീയ ഇടപെടലിന് സമാനമായ രീതിയിലുളള ഇടപെടലാണ് തെരുവ് നായ പ്രശ്നത്തിലുണ്ടാകുകയെന്നും മന്ത്രി എംബി രാജേഷ് വിശദീകരിച്ചു.
തെരുവ് നായ്ക്കളെ കൊല്ലരുതെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ്... സ്നേഹത്തോടെ പെരുമാറണം
കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മൃഗസംരക്ഷണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ സെക്രട്ടറി എന്നിവരടങ്ങുന്ന നാലംഗ സമിതിയാകും ജില്ലാ അടിസ്ഥാനത്തിൽ ഏകോപനം നിവ്വഹിക്കുക. മാലിന്യം നീക്കാൻ കർശന നടപടിയെടുക്കണം. ഹോട്ടലുകൾ, കല്യാണ മണ്ഡപം, മാസ വ്യാപാരികൾ അടക്കമുള്ളവരുടെ യോഗം ജില്ലാടിസ്ഥാനത്തിൽ വിളിച്ച് ചേര്‍ക്കണം. ജില്ലാ ഭരണകൂടം ഇത് ഉറപ്പാക്കണം. ക്ലീൻ കേരളാ കമ്പനി വഴി മാലിന്യം സംസ്ക്കരിക്കണം. എംഎൽഎമാരുടെ കൂടി നേതൃത്വത്തിൽ മണ്ഡലം തല യോഗം വിളിക്കണം. തെരുവുനായ പ്രശ്നം വേഗത്തിൽ തന്നെ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും മന്ത്രിമാരായ എംബി രാജേഷും കെ രാജനും വിശദീകരിച്ചു. ഷെൽറ്റര്‍, വാക്സിനേഷൻ, എബിസി പദ്ധതിയടക്കം ദിവസേനെ നടപ്പാക്കും. അത് ബന്ധപ്പെട്ടവര്‍ ദിവസേനെ മോണിറ്റര്‍ ചെയ്യണമെന്നും മന്ത്രി രാജേഷ് നിര്‍ദ്ദേശിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam