
കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. അപകടം ഉണ്ടാക്കിയ വാഹനം ഓടിച്ചത് അഡീഷണൽ സെഷൻസ് ജഡ്ജിന്റെ മകനാണെന്ന് പൊലീസ്. തട്ടുകട ഉടമയായ മാഞ്ഞാലി സ്വദേശി ജയപാലകൃഷ്ണനാണ് അപകടത്തിൽ മരിച്ചത്. ചേരാനല്ലൂരിൽ പുലർച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. വാഹനമോടിച്ച 17-കാരനെയും അപകടമുണ്ടാക്കിയ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇരിങ്ങാലക്കുട കോടതിയിലെ സെഷൻസ് ജഡ്ജ് റിനോ ഫ്രാൻസിസിന്റെ മകൻ ആണ് KL-46-F 0333 നമ്പറിലുള്ള ബെൻസ് കാർ ഓടിച്ചിരുന്നത്. സംഭവത്തിൽ പൊലീസ് പ്രതിക്കെതിരെ ചുമത്തിയത് സ്റ്റേഷൻ ജാമ്യം ലഭിക്കുന്ന കുറ്റമാണെന്ന് മരിച്ച ജയപാലന്‍റെ ബന്ധുക്കൾ ആരോപിച്ചു.
തട്ടുകടയിലെ ജോലി കഴിഞ്ഞ് പുലർച്ചെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയപാലകൃഷ്ണൻ. ഇതിനിടെ അമിത വേഗത്തിലെത്തിയ കാർ ജയപാലകൃഷ്ണൻ ഓടിച്ച സ്‌കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. അപകട ശേഷം വാഹനം നിർത്താതെ പോകാനാണ് 17 കാരൻ ശ്രമിച്ചത്. മറ്റു വഴി ഇല്ലാത്തത് കൊണ്ടാണ് 17 കാരൻ അവിടെ കുടുങ്ങിയതെന്നും കുടുംബം പറഞ്ഞു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ അപകടം ഉണ്ടാകും എന്നറിയാമായിരുന്നിട്ടും പ്രതി വാഹനം ഓടിച്ചു. എന്നിട്ടും അപകടമുണ്ടാക്കിയ വാഹനത്തിന്‍റെ ഉടമയായ ജഡ്ജിക്കെതിരെ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.
ലൈസൻസില്ലാത്ത 17 വയസ്സുകാരൻ രാത്രി കാറുമായി കറങ്ങാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത അല്ലാത്ത നരഹത്യക്ക് കേസെടുക്കുമെന്ന് ചേരാനല്ലൂർ സിഐ ശ്യാം കുമാർ പറഞ്ഞു. ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചുമത്തും. പ്രതി മദ്യപിച്ചിട്ടില്ല. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. ജുവനെയിൽ ജസ്റ്റിസ് ബോർഡിന്റെ അനുമതിക്ക് ശേഷം ആയിരിക്കും കോടതിയിൽ ഹാജരാക്കുകയെന്നും സിഐ വ്യക്തമാക്കി. സി.ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് അപകടമുണ്ടാക്കിയ ബെൻസ് കാറിൽ പരിശോധന നടത്തി. സംഭവത്തിൽ വിശദമായയ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam