
ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ സഞ്ചാര യോഗ്യമായ റോഡിനായി കൈക്കുഞ്ഞുങ്ങളുമായി അമ്മമാരുടെ സമരം. ഉപ്പുതറ ഒൻപതേക്കർ റോഡ് സഞ്ചാര യോഗ്യമാക്കാത്തതിൽ പ്രതിഷേധിച്ചാണ് സ്ത്രീകൾ റോഡ് ഉപരോധിച്ചത്. ഉപ്പുതറയിൽ നിന്നും ഒൻപതേക്കറിലേക്കുള്ള റോഡ് തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ കാൽ നടയാത്ര പോലും ദുഷ്കരമാണ്.
ഇരുചക്ര വാഹനത്തിലെത്തിയ നിരവധി പേർ അപകടത്തിൽ പെട്ടു. സ്കൂൾ കുട്ടികൾ അടക്കം നിരവധി പേർ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഇതിൽ പ്രതേഷേധിച്ചാണ് കൈക്കുഞ്ഞുങ്ങളെയുമായി അമ്മമാർ സമര രംഗത്തിറങ്ങിയത്.
റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ത്രിതല പഞ്ചായത്ത് ഭരണ സമിതികൾക്കും കളക്ടർക്കും ഇവർ നിരവധി നിവേദനം നൽകി. മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയൊന്നുമുണ്ടായില്ല. തെരഞ്ഞെടുപ്പ് സമയത്ത് വാഗ്ദാനങ്ങളുമായെത്തുന്ന രാഷ്ട്രീയ നേതാക്കൾ പിന്നീട് തിരിഞ്ഞു നോക്കാറില്ലെന്നും ഇവർ പരാതിപ്പെടുന്നു. പ്രശ്നത്തിന് പരിഹാരമുണ്ടായില്ലെങ്കിൽ ഉപ്പുതറ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു വെച്ചുള്ള സമരത്തിനാണ് ഇവരുടെ അടുത്ത നീക്കം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam