Latest Videos

ചൂട് ചതിച്ചു, ക്ഷീര കർഷകർക്കും വേണ്ട; കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ വൈക്കോല്‍ കെട്ടിക്കിടക്കുന്നു

By Web TeamFirst Published May 4, 2024, 8:26 PM IST
Highlights

കൊയ്ത്ത് കഴിഞ്ഞ പാടത്ത് യന്ത്രം ഉപയോഗിച്ച് വൈക്കോല്‍ കെട്ടുകളാക്കുന്നതിനു കെട്ടൊന്നിനു 30 രൂപ നല്‍കണം. ഇതിനു പുറമേ കയറ്റിറക്കുകൂലി, വാഹന വാടക എന്നിയിനത്തില്‍ ചെലവുകള്‍ വേറെയും

തൃശൂര്‍: പുന്നയൂര്‍ക്കുളം ഉപ്പുങ്ങല്‍ കോള്‍പാടത്ത് വൈക്കോല്‍ കെട്ടിക്കിടക്കുന്നു. എടുക്കാനാളില്ലാതെ നാലായിരത്തിലധികം വൈക്കോള്‍ കെട്ടുകളാണ് പാടത്തും കര്‍ഷകരുടെ വീട്ടുമുറ്റത്തും കിടക്കുന്നത്. മാവിന്‍ചുവട് സ്വദേശി വെട്ടിക്കാട്ട് കുഞ്ഞനുള്‍പ്പെടെയുള്ള കര്‍ഷകരുടെ വൈക്കോലാണ് എടുക്കാന്‍ ആളില്ലാത്ത പാടത്തു കിടക്കുന്നത്. കൊയ്ത്തിനുശേഷം  സര്‍ക്കാരില്‍നിന്നു നെല്ലിന്റെ തുക ലഭിക്കാന്‍ കാത്തിരിക്കുന്നവര്‍ക്കു കുറച്ച് ആശ്വാസമായിരുന്നു വൈക്കോല്‍ കച്ചവടം. വൈക്കോലിന് ഇക്കുറി ആവശ്യക്കാര്‍ കുറഞ്ഞത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വൈക്കോല്‍ യഥേഷ്ടം കൊണ്ടുപോയിരുന്ന കര്‍ഷകര്‍ ക്ഷീരമേഖലയില്‍നിന്നു അകന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

കൊയ്ത്ത് കഴിഞ്ഞ പാടത്ത് യന്ത്രം ഉപയോഗിച്ച് വൈക്കോല്‍ കെട്ടുകളാക്കുന്നതിനു കെട്ടൊന്നിനു 30 രൂപ നല്‍കണം. ഇതിനു പുറമേ കയറ്റിറക്കുകൂലി, വാഹന വാടക എന്നിയിനത്തില്‍ ചെലവുകള്‍ വേറെയും. ഭാരിച്ച ചെലവുകള്‍ സഹിച്ചു വൈക്കോല്‍ കെട്ടുകള്‍ വീടുകളില്‍ ശേഖരിച്ച കര്‍ഷകരാണ് ഏറെ ദുരിതത്തിലായത്. വൈക്കോല്‍ എടുക്കാന്‍ ആളില്ലാതായതോടെ കൊയ്ത്തു നടത്തിയ കര്‍ഷകര്‍ വൈക്കോല്‍ കെട്ടുകളാക്കുന്നതില്‍നിന്ന് പിന്‍വലിഞ്ഞിട്ടുണ്ട്. വേനല്‍മഴ പെയ്താല്‍ വൈക്കോല്‍ പാടത്ത് കിടന്ന് ചീഞ്ഞളിഞ്ഞു നശിച്ചുപോകുമെന്ന ആശങ്കയും കര്‍ഷകര്‍ക്കുണ്ട്.

click me!