സ്കൂളില്‍ കാറുമായി അഭ്യാസം, അധ്യാപകനെയും മര്‍ദിച്ചു; ഭീകരാന്തരീക്ഷം സൃഷ്ടിച്ച വിദ്യാര്‍ത്ഥികളെ ഗേറ്റ് അടച്ചിട്ട് പിടികൂടി

By Web TeamFirst Published Dec 11, 2019, 7:25 PM IST
Highlights
  1. സംഘത്തിലെ രണ്ട് പേർ പ്രായപൂർത്തിയാവത്തവരാണ്
  2.  രൂപമാറ്റം വരുത്തിയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനം പൊലീസ് പിടിച്ചെടുത്തു

കോട്ടക്കൽ: സ്‌കൂൾ വളപ്പിൽ കാറുമായി അഭ്യാസം നടത്തിയ വിദ്യാര്‍ത്ഥികള്‍, തടയാനെത്തിയ അധ്യാപകനെയും മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. എടരിക്കോട് പി കെ എം എം ഹയർസെക്കണ്ടറി സ്‌കൂളിൽ ഇന്ന് ഉച്ചക്ക് 12.30 ഓടെ എത്തിയ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. രൂപമാറ്റം വരുത്തിയ കാറുമായി അഭ്യാസപ്രകടനം കാണിക്കുകയായിരുന്നു.

ചെമ്മാട് വരമ്പനാലുങ്ങൽ മുഹമ്മദ് ഫവാസ്(18), കൂരിയാട് പടിക്കൽ ശിജു(18), തിരൂരങ്ങാടി കാരാടൻ മുഹമ്മദ് സുഹൈൽ(18) എന്നിവരടങ്ങുന്ന അഞ്ചംഗ സംഗമാണ് ആക്രമം കാണിച്ചത്. ഇവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. സ്‌കൂളിലേക്ക് കുട്ടികൾ വന്നുകൊണ്ടിരിക്കെയാണ് സംഘം സ്‌കൂൾ വളപ്പിൽ കാറുമായി അഭ്യാസം നടത്തിയത്. വാഹനം സ്‌കൂൾ വളപ്പിൽ വട്ടം ചുറ്റിച്ചു കൊണ്ടിരിക്കെ പിന്തിരിപ്പിക്കാനെത്തിയ അധ്യാപകൻ കെ പി നാസറിനെ മർദിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി.

സംഘത്തിലെ രണ്ട് പേർ പ്രായപൂർത്തിയാവത്തവരാണ്. ഇതിലൊരാളാണ് കാർ ഓടിച്ചതെന്നും കുട്ടികൾക്കിടയിൽ ഹീറോ ആവുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും പൊലീസ് പറഞ്ഞു. ആക്രമം കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സ്‌കൂളിന്‍റെ കവാടം അടച്ചിട്ട ശേഷം പൊലീസിനെ അറിയിക്കുകയായിരുന്നു. രൂപമാറ്റം വരുത്തിയ മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനം പൊലീസ് പിടിച്ചെടുത്തു. ഇത് സംഘത്തിലൊരാളുടെ ബന്ധുവിന്‍റേതാണെന്ന് പൊലീസ്  വ്യക്തമാക്കി.

click me!