
മലപ്പുറം: മലപ്പുറം മങ്കടയിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു. വേരും പുലാക്കൽ ഇബ്രാഹിമിന്‍റെ മകൻ റിയാൻ ( 15) ആണ് മരിച്ചത്. മങ്കട ഗവൺമെന്‍റ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് റിയാൻ. ഇന്ന് വൈകിട്ടോടെ വൈദ്യുതി പോസ്റ്റിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. പോസ്റ്റിലെ ഫ്യൂസിൽ അബദ്ധത്തിൽ പിടിച്ചെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈദ്യുതി പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് പത്തനംതിട്ടയിൽ കെഎസ്ഇബി താത്കാലിക ജീവനക്കാരൻ മരിച്ചിരുന്നു. അറ്റകുറ്റപ്പണിക്കിടെയാണ് കെഎസ്ഇബി താത്കാലിക ജീവനക്കാരന് ഷോക്കേറ്റത്. കോന്നി മുരിങ്ങമംഗലത്താണ് വൈദ്യുതി ലൈനിലെ അറ്റകുറ്റപണിക്കിടെ ജീവനക്കാരന് ഷോക്കേറ്റത്. കലഞ്ഞൂര്‍ സ്വദേശി സുബീഷാണ് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ മുതൽ പ്രദേശത്ത് അറ്റകുറ്റപ്പണി നടക്കുന്നുണ്ടായിരുന്നു. ഷോക്കേറ്റ സുബീഷിനെ കോന്നി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതി മുൻകൂട്ടി ഓഫ് ചെയ്യുന്നതിൽ വീഴ്ച ഉണ്ടായെന്നാണ് സംശയം. സംഭവത്തിൽ കെഎസ്ഇബി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം. ചീമേനി കയ്യൂർ സ്വദേശി അനിലാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. ഭാര്യയുമൊത്ത് ക്ഷേത്രത്തിൽ എത്തിയ അനിൽ കുളിക്കാനിറങ്ങിയപ്പോള്‍ കുളത്തിൽ വീഴുകയായിരുന്നു. ഭാര്യയുടെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. തുർന്ന് ഫയർഫോഴ്സ് സ്കൂബാ സംഘം കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തി. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam