
തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് സ്കൂൾ ബസ് സ്റ്റോപ്പിൽ നിന്നു സ്വകാര്യ ബസിൽ കയറവെ കാൽവഴുതി വീണ് വിദ്യാർഥിയുടെ തലയ്ക്ക് പരുക്കേറ്റു. കുട്ടികള്‍ കയറുന്നതിന് മുമ്പ് വണ്ടി മുന്നോട്ടെടുത്തതിനെ തുടർന്നാണ് അപകടം ഉണ്ടായത്. ഞെക്കാട് ഗവ. വിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി പ്രീതിക്കാണ് പരിക്കേറ്റത്.
അപകടം നടന്നിട്ടും കുട്ടിയെ നോക്കാതെ ജീവനക്കാര്‍ ബസ് നിർത്താതെ പോയി. പ്രീതിയുടെ ചേച്ചി ശ്രുതി ബസിലുണ്ടായിരുന്നു. അനിയത്തി ബസിലില്ലെന്ന് കണ്ട് വിളിച്ചന്വേഷിച്ചപ്പോഴാണ് പ്രീതിക്ക് അപകടം പറ്റിയെന്ന് അറിയുന്നത്. അപകടത്തില്‍ പരിക്കേറ്റ പ്രീതി വർക്കല സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെയായിരുന്നു ആറ്റിങ്ങൽ കല്ലമ്പലം വർക്കല റൂട്ടിലോടുന്ന സ്വകാര്യ ബസിൽ അപകടമുണ്ടായത്. ബസിന്റെ വാതിൽപ്പടിയിൽ ഒരു കാൽ വച്ചപ്പോഴേക്കും ബെല്ലടിക്കുകയും ബസ് മുന്നോട്ടെടുക്കുകയും ചെയ്തതോടെ ബാലൻസ് തെറ്റി കുട്ടി റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത് പുറകിൽ നിന്നു മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ മാത്രമാണ് വലിയ അപകടം ഒഴിവായത്.
പ്രീതിക്കൊപ്പമുണ്ടായിരുന്ന പത്താം ക്ലാസിൽ പഠിക്കുന്ന ചേച്ചി ശ്രുതി തിരക്കിനിടയിൽ ബസിൽ കയറുകയും യാത്ര തുടരുകയുമായിരുന്നു. കല്ലമ്പലത്തെത്തിയ ശേഷമാണ് അനുജത്തി കൂടെ ഇല്ലെന്നറിയുന്നത്. തുടർന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ ഫോൺ വിളിച്ചന്വേഷിച്ചപ്പോഴാണ് അപകട വിവരം അറിഞ്ഞത്.
ശ്രുതി പിതാവിനെ വിവരമറിയിച്ചു. പിതാവെത്തിയാണ് പ്രീതിയെ ആശുപത്രിയിലെത്തിച്ചത്. സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലും അപകടങ്ങളും ഒരിടവേളയ്ക്കു ശേഷം കല്ലമ്പലത്ത് വീണ്ടും ആവര്‍ത്തിക്കുകയാണെന്നാണ് പ്രദേശവാസികളുടെ പരാതി. സംഭവത്തിൽ സ്കൂൾ അധികൃതരും കുട്ടിയുടെ പിതാവും കല്ലമ്പലം പൊലീസിൽ പരാതി നൽകി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam