സഹപാഠിക്ക് കുടിക്കാന്‍ ആസിഡ് കലര്‍ന്ന ജ്യൂസ് കൊടുത്തു; വിദ്യാര്‍ത്ഥി ഗുരുതരാവസ്ഥയില്‍

By Web TeamFirst Published Oct 4, 2022, 10:45 AM IST
Highlights

നിലവിൽ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവൻ നിലനിറുത്തി പോകുന്നത്. കുട്ടിയുടെ  അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 


തിരുവനന്തപുരം: സഹപാഠി നല്‍കിയ ആസിഡ് കലര്‍ന്ന ജ്യൂസ് കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആന്തരാവയവങ്ങള്‍ക്ക് പോള്ളലേറ്റു. ഇരു വൃക്കകളുടെയും പ്രവർത്തനവും നിലച്ച വിദ്യാർത്ഥി മരണത്തോട് മല്ലിടുന്നു. കേരള തമിഴ്‌നാട് അതിർത്തിയിൽ കന്യാകുമാരി ജില്ലയുടെ കീഴിൽ വരുന്ന കളിയിക്കാവിള മെതുകുമ്മൽ നുള്ളിക്കാട്ടിൽ സുനിലിന്‍റെയും സോഫിയയുടെയും മകൻ അശ്വിൻ (11) ആണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ജീവന് വേണ്ടി മല്ലിടുന്നത്. ഇക്കഴിഞ്ഞ 24 ന് കേസിന് ആസ്പദമായ സംഭവം. 

കൊല്ലങ്കോടിന് സമീപം അതംകോട് മായാകൃഷ്ണ സ്വാമി വിദ്യാലയത്തിൽ പഠിക്കുന്ന അശ്വിൻ പരീക്ഷ എഴുതിയ ശേഷം ശുചിമുറിയിൽ പോയി മടങ്ങുമ്പോൾ സഹപാഠിയായ ഒരു വിദ്യാർഥി തനിക്ക് ശീതളപാനീയം നൽകിയെന്നും എന്നാല്‍ രുചി വ്യത്യാസം തോന്നിയതിനാൽ കുറച്ചു മാത്രമേ കുടിച്ചുള്ളൂവെന്നും ആണ് അശ്വിൻ വീട്ടുകാരോടും പൊലീസിനോടും പറഞ്ഞത്. 

സ്കൂള്‍ വിട്ട് വന്നതിന്‍റെ അടുത്ത ദിവസം കടുത്ത പനിയെത്തുടർന്ന് അശ്വിനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍, രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കടുത്ത വയറുവേദന, ഛർദി, ശ്വാസംമുട്ടൽ തുടങ്ങിയവ അനുഭവപ്പെട്ട കുട്ടിയെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഡോക്ടർമാരുടെ പരിശോധനയിൽ കുട്ടിയുടെ ഇരുവൃക്കകളുടെയും പ്രവർത്തനം നിലച്ചതായി കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ആസിഡ് കുട്ടിയുടെ ഉള്ളിൽ ചെന്നതായി വ്യക്തമായത്. ബന്ധുക്കൾ നൽകിയ പരാതിയിൽ കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

കുട്ടിയുടെ ക്ലാസിലുള്ളവരല്ല ഇത് ചെയ്തതെന്നും എന്നാല്‍, സ്കൂളില്‍ പഠിക്കുന്ന മറ്റൊരു വിദ്യാര്‍ത്ഥിയാണെന്നും അശ്വിന്‍റെ മാതാപിതാക്കള്‍ പറയുന്നു. അശ്വിന് കുട്ടിയെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റുമെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. നിലവിൽ ഡയാലിസിസ് നടത്തിയാണ് കുട്ടിയുടെ ജീവൻ നിലനിറുത്തി പോകുന്നത്. കുട്ടിയുടെ  അന്നനാളം, കുടൽ തുടങ്ങിയ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. 

സംഭവത്തിൽ മാതാപിതാക്കള്‍ നൽകിയ പരാതിയിൽ തമിഴ്‌നാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മനുഷ്യജീവൻ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാർഥം നൽകിയതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328–ാം വകുപ്പ് ഉപയോഗിച്ചാണ് തമിഴ്നാട് പൊലീസ് കേസെടുത്തിരിക്കുന്നത്. 10 വർഷം വരെ കഠിനതടവും പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. അപകടനില തരണം ചെയ്യാത്തതിനാൽ കുട്ടിയുടെ വിശദമായ മൊഴി പൊലീസിന് രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. സ്കൂളിലെ സിസിടിവി ക്യാമറകൾ പ്രവർത്തനരഹിതമായതിനാൽ ഈ വഴിക്കുള്ള അന്വേഷണവും നിലച്ചിരിക്കുകയാണ്.

click me!