
കോട്ടയം: വിദ്യാര്‍ത്ഥികളോട് പ്രതിജ്ഞ പഠിച്ചുവരാൻ അധ്യാപകര്‍ പറയുന്നു. വിദ്യാര്‍ത്ഥികളെല്ലാം കയ്യിലുള്ള പുസ്തകങ്ങളിൽ നോക്കി പ്രതിജ്ഞ പഠിച്ചുവരുന്നു. എന്നാൽ ചൊല്ലി തുടങ്ങുമ്പോഴാണ് ഒരു പുസ്തകത്തിൽ നിന്ന് പഠിച്ചുവന്ന വിദ്യാര്‍ത്ഥികൾ തെറ്റായി ചൊല്ലുന്നതായി തിരിച്ചറിയുന്നത്.
പരിസര പഠനം ഇംഗ്ലീഷ് മീഡിയം പാഠപുസ്തകത്തിലാണ് പ്രതിജ്ഞ തെറ്റായി അച്ചടിച്ചിരുന്നത്. ഈരാറ്റുപേട്ട ഗവ. മുസ്ലിം എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് അബ്ദുൽ റഹിമാണ് ഊ തെറ്റ് കണ്ടുപിടിച്ച് ശ്രദ്ധയിൽപ്പെടുത്തിയത്. ഇതോടെ തെറ്റുചൂണ്ടിക്കാട്ടി എസ് സിഇആർടി യിലേക്ക് കത്തെഴുതാനായിരുന്നു അടുത്ത തീരുമാനം. കത്തെഴുതുക എന്നത് പാഠ്യവിഷയമാണെന്നും അതിന്റെ ഭാഗമായി തന്നെ റഹിം എൻസിആര്‍ട്ടിക്ക് കത്തെഴുതിയെന്നും പ്രധാനാധ്യാപകൻ പി വി ഷാജിമോൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.
പുസ്തകത്തിൽ രണ്ടിടത്ത് തെറ്റുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കത്തിന് എസ് സിഇആർടി മറുപടി നൽകി. പാഠപുസ്തകത്തിലെ പ്രതിജ്ഞയിൽ ഉണ്ടായ അച്ചടി പിശക് ഉടൻ ആരംഭിക്കുന്ന പാഠപുസ്തക പരിഷ്കരണത്തിൽ പരിഹരിക്കുമെന്നാണ് അധികൃതരുടെ ഭാഗത്തുനിന്ന് റഹിമിന് ലഭിച്ചിരിക്കുന്ന മറുപടി.
ഇത്തരമൊരു തെറ്റ് ചൂണ്ടിക്കാട്ടിയ റഹിമിനെ പ്രധാനാധ്യാപകൻ പി വി ഷാജിമോൻ, പിടിഎ പ്രസിഡണ്ട് പി കെ നൗഷാദ്, പിടിഎ അംഗങ്ങൾ മുതലായവർ അഭിനന്ദിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam