
ഇടുക്കി: വഴിയിൽ കിടന്നു കിട്ടിയ സ്വർണവും വിലപ്പെട്ട രേഖകളും അടങ്ങുന്ന ബാഗ് ഉടമയെ തിരിച്ചേൽപ്പിച്ച് വിദ്യാർഥികൾ. കഴിഞ്ഞ ദിവസം രാവിലെ മുരിക്കാശേരിക്കു പോകുമ്പോൾ പതിനാറാകണ്ടം വളവിൽ നിന്നാണ് വിദ്യാർഥികളായ രാജമുടി വരിക്കാനിക്കൽ ബനഡിക്ടിനും സുഹൃത്ത് പ്ലാന്തോട്ടത്തിൽ അഭിജിത്തിനും രണ്ടരപവൻ സ്വർണവും രേഖകളും അടങ്ങിയ ബാഗ് വീണു കിട്ടിയത്. ഉടൻ തന്നെ മുരിക്കാശ്ശേരി സ്റ്റേഷനിൽ എത്തിയ വിദ്യാർഥികൾ ബാഗ് പൊലീസിനെ ഏൽപിച്ചു. മുരിക്കാശേരി മാലപ്പറമ്പിൽ എ ഡി തോമസിന്റെതായിരുന്നു ബാഗ്.
Read More.... സ്ഥിരമായി നൂറനാട്ടെ കാമറയിൽ കുടുങ്ങുന്നു, പെറ്റി വരുന്നത് കോഴിക്കോട് സ്വദേശിക്ക്; തെളിഞ്ഞത് തുമ്പില്ലാ കേസ്
വാഴത്തോപ്പിലെ ബന്ധുവീട്ടിലേക്ക് പോകുമ്പോൾ വാഹനത്തിൽ നിന്നാണ് ബാഗ് നഷ്ടമായത്. യാത്രക്കിടയിൽ ബാഗ് നഷ്ടമായ വിവരം അറിഞ്ഞപ്പോൾ ഏറെ നേരം റോഡിൽ തിരഞ്ഞെങ്കിലും കണ്ടു കിട്ടിയില്ല. പിന്നീട് പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. ഉടമയെ തിരിച്ചറിഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ബനഡിക്ടും അഭിജിത്തും ബാഗ് കൈമാറി. മുരിക്കാശേരി പാവനാത്മാ കോളജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ബനഡിക്ട്. അഭിജിത് ബെംഗളൂരുവിൽ ഉപരിപഠനത്തിനു പോകാൻ ഒരുങ്ങുകയാണ്.