
മൂന്നാർ: തമിഴ്നാട്ടിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ 2 വിദ്യാർഥികളെ റിസോർട്ടിലെ ശുചിമുറിക്കുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ചെന്നൈ ഊത്തു കോട്ട വിശ്വേശ്വര മൾട്ടിക്കുലേഷൻ ഹൈസ്കൂൾ വിദ്യാർഥികളായ ജിജോ റാം (15), പി.മദനൻ (15) എന്നിവരാണ് ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നത്.
ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ വിശദമാക്കിയത്. ഇന്നലെ രാവിലെയാണ് 89 കുട്ടികളും 15 അധ്യാപകരുമടങ്ങുന്ന സംഘം പഴയ മൂന്നാറിലെ റിസോർട്ടിലെത്തിയത്. മുറികളിലെത്തി ഫ്രഷായ ശേഷം എല്ലാവരും ഭക്ഷണം കഴിക്കുന്നതിനായി റിസോർട്ടിൻ്റെ ഭക്ഷണശാലയിലെത്തിയെങ്കിലും രണ്ടു പേർ കുറവുള്ളതായി കാണുകയായിരുന്നു. തുടർന്ന് അധ്യാപകർ നടത്തിയ തിരച്ചിലിലാണ് രണ്ടു പേരെയും അബോധാവസ്ഥയിൽ ഇവരുടെ മുറിയുടെ ശുചി മുറിയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ ഇരുവരെയും ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെള്ളം ചൂടാക്കുന്നതിനുപയോഗിക്കുന്ന ഗ്യാസ് ഗീസറിൽ നിന്നുള്ള വിഷവാതകം ശ്വസിച്ചതാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam