
മലപ്പുറം: കോട്ടക്കല്‍ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയുടെ ആറു നില കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി മണിക്കൂറുകളോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ മലപ്പുറം അഗ്‌നിരക്ഷാ സേന അനുനയിപ്പിച്ചു താഴെ ഇറക്കി. മാനസിക അസ്വസ്ഥ്യമുള്ള യുവാവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടര്‍ന്നാണ് ഭാര്യയോടൊപ്പം ചികിത്സക്ക് വേണ്ടി ആശുപത്രിയില്‍ എത്തിയത്.
ഐ സി യു- വില്‍ ചികിത്സയിൽ ഇരിക്കെയായിരുന്നു യുവാവ് പെട്ടെന്ന് ഓടിപ്പോയി ആശുപത്രിയുടെ മുകളില്‍ കയറിയത്. ആറ് നിലയുള്ള കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകള്‍ നിലയിലെ സീലിംഗ് തകർത്ത് അകത്തു കയറി അതിനുള്ളിലൂടെ പുറത്തെ അപകടകരമായ ചെരിഞ്ഞ സണ്‍ ഷെയ്ഡിലേക്ക് ഇറങ്ങി നിന്ന യുവാവ് ആത്മഹത്യാഭീഷണി മുഴക്കി. ഈ സമയം നാട്ടുകാരും ആശുപത്രി അധികൃതരും ചേർന്ന് യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. എന്നാൽ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല.
ഒടുവിൽ മലപ്പുറം അഗ്‌നിരക്ഷാ നിലയത്തില്‍ നിന്ന് സേനാംഗങ്ങൾ എത്തി. നാട്ടുകാരുടെ സഹായത്തോടെ താഴെ ഭാഗത്ത് വല വിരിക്കുകയും ചെയ്തു. കെട്ടിടത്തിന് മുകള്‍ നിലയില്‍ കയറിയ സേനാഗംങ്ങള്‍, ഒന്നര മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവില്‍ ശാന്തനാക്കി. പിന്നീട് ഇയാളെ കയറിന്റെയും സുരക്ഷാ ബെല്‍റ്റിന്റെയും സഹായത്തോടെ ഉള്ളിലേക്ക് കയറ്റാനുള്ള ശ്രമം നടത്തി.
എന്നാൽ ഏറെ നേരം പരിശ്രമിച്ചിട്ടും ഇത് പരാജയപ്പെട്ടു. അപകടകരമായ സ്ഥലത്തായിരുന്നു യുവാവ് നിലയുറപ്പിച്ചത്. കാല്‍ തെറ്റിയാല്‍ താഴേക്ക് പതിക്കുന്ന രീതിയിലുള്ള ചെരിഞ്ഞ സണ്‍ ഷൈഡില്‍ ഒരാള്‍ക്ക് കൂടി നിൽക്കാനോ രക്ഷാപ്രവർത്തനം നടത്താനോ ഉള്ള സ്ഥലം ഇല്ലായിരുന്നു. ഒടുവിൽ വെന്റിലേഷനിലൂടെ കൈ പിടിച്ച് അകത്തു കടത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam