
താമരശ്ശേരി: കാഴ്ചയില്ലെങ്കിലും ചെസ്സ് ബോർഡിൽ വിസ്മയം തീർക്കുന്ന താമരശ്ശേരി കൊട്ടാരക്കൂത്ത് സ്വദേശി പികെ. മുഹമ്മദ് സ്വാലിഹിന് മുന്നിൽ കണ്ണടച്ച് സർക്കാർ. ജന്മനാ കാഴ്ചയില്ലാത്ത ഈ 38 കാരൻ ഇന്ത്യക്കായി വെള്ളി മെഡൽ നേടിയിട്ടും സംസ്ഥാന സർക്കാറിന്റെ അവഗണന മാത്രം. അന്താരാഷ്ട്ര മത്സര വിജയികൾക്ക് സർക്കാറിന്റെ പ്രത്യേക പുരസ്‌കാരവും ജോലിയും ലഭിക്കുമ്പോൾ ഇദ്ദേഹത്തെ അവഗണിക്കുകയാണ്.
ഏറ്റവും അവസാനമായി കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടിയവരെ സർക്കാർ 20 ലക്ഷം രൂപ പാരിതോഷികം നൽകിയിട്ടും സ്വാലിഹിന് അവഗണന മാത്രമായിരുന്നു. മെഡൽ നേടിയ നാല് കേരള താരങ്ങൾക്ക് നാല് സ്‌പോർട്‌സ് ക്വാട്ട നിയമനം സർക്കാർ മാറ്റിവെക്കുകയും ചെയ്തിട്ടുണ്ട്. 2018ൽ ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്ന ഏഷ്യൻ പാരാഗെയിംസിൽ കാഴ്ചാ പരിമിതിയുള്ളവരുടെ ചെസ്സ് മത്സരത്തിൽ ടീം ഇനത്തിൽ വെള്ളിമെഡൽ നേടിയാണ് സ്വാലിഹ് മികവ് തെളിയിച്ചത്.
അന്ന് ടീമിലുണ്ടായിരുന്ന ഒറീസ സ്വദേശിയായ പ്രച്ച്യുത് കുമാർ പ്രധാൻ എന്ന വ്യക്തിക്ക് ഒറീസ സർക്കാർ ജോലി നൽകി. കേരളാ ടീമിന്റെ ക്യാപ്റ്റനായി 2008ൽ ഹരിയാനയിൽ നടന്ന നാഷനൽ ബ്ലൈൻഡ് ചെസ്സ് ടൂർണമെൻറിലും 2009ൽ മുംബൈയിലെ അന്തേരി സ്പോർട്സ് കോപ്ലക്സിൽ നടന്ന നാഷണൽ ബ്ലൈൻഡ് ടീം ചെസ്സ് ടൂർണമെൻറിലും സ്വാലിഹ് മാറ്റുരച്ചിരുന്നു. ഈ രണ്ട് ടൂർണമെൻറിലും കേരളാ ക്യാപ്റ്റൻ ജഴ്സിയിൽ ഇദ്ദേഹം ടീമിനായി മികച്ച നേട്ടങ്ങൾ കൊയ്തു.
സ്‌കൂൾ പഠന കാലത്ത് തന്നെ ചെസ്സ് മത്സരങ്ങളിൽ സജീവ സാന്നധിധ്യമായ സ്വാലിഹ് അന്ന് മുതൽ തന്നെ നേട്ടങ്ങൾ കൊയ്ത് തുടങ്ങിയിരുന്നു. അകക്കണ്ണിന്റെ കാഴ്ചയും ആത്മ വിശ്വാസവുമാണ് ഇദ്ദേഹത്തെ മുന്നോട്ട് നയിക്കുന്നത്. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു സർക്കാർ ജോലിയാണ് ബിരുദദാരിയായ ഈ യുവാവിന്റെ ഇപ്പോഴത്തെ ആവശ്യം.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam