
കൊച്ചി: ഏജന്‍റുമാരെ മറയാക്കി സംസ്ഥാനത്ത് വ്യാപക വീസ തട്ടിപ്പ്. മുന്നൂറിലധികം ആളുകൾ ഇരയായ തട്ടിപ്പിൽ 10 കോടി രൂപയിലധികം വെട്ടിച്ചെന്നാണ് കണ്ടെത്തൽ. തട്ടിപ്പിന്‍റെ ആസൂത്രകരായ കൊല്ലം സ്വദേശി അർജുൻ പി കുമാർ, സുമ എന്നിവർക്കെതിരെ കൂത്താട്ടുകുളം പൊലീസ് കേസെടുത്തിട്ടുണ്ട്. വ്യാജ വിസ നൽകിയതിന് പിടിയിലായ ഇവരുടെ സുഹൃത്ത് കൂത്താട്ടുകുളം സ്വദേശി ശരതിൽ നിന്നാണ് വിസ തട്ടിപ്പിന്‍റെ വ്യാപ്തി പുറത്തറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ്, ഹംഗറി, ചെക് തുടങ്ങിയ വിദേശ രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിലും പായ്ക്കിംഗ് കേന്ദ്രങ്ങളിലും ജോലി വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.
ആകർഷണീയമായ ശമ്പളം വാഗ്ദാനം ചെയ്താണ് ഉദ്യോഗാർഥികളെ ഈ സംഘം വലയിലാക്കിയത്. വീസയ്ക്ക് നൽകേണ്ടത് മൂന്ന് മുതൽ ഏഴ് ലക്ഷം രൂപവരെയായിരുന്നു. വീസ ഫെസിലിറ്റേഷൻ കേന്ദ്രത്തിലെ നടപടികൾ വരെ പൂർത്തിയാക്കി, വിമാനം കയറാനെത്തുമ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരമറിയുക. പാസ്പോർട്ടിൽ ഒട്ടിച്ച വീസയും സീലുമെല്ലാം വ്യാജമായിരുന്നു. എറണാകുളം കൂത്താട്ടുകുളത്തെ, പ്രാദേശിക ഏജന്‍റ് ശരത് വഴി വിസ നേടിയ 40 പേർ ഇങ്ങനെ വഞ്ചിക്കപ്പെട്ടെന്നാണ് വിവരം. ഏറ്റുമാനൂർ, കണ്ണൂരിലെ ഉളിക്കൽ എന്നിവിടങ്ങിലെ ഉദ്യോഗാർത്ഥികളുടെ പരാതിയിൽ ശരതിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. ഇതോടെയാണ് സംസ്ഥാന വ്യാപക വിസ തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്.
കൊല്ലം സ്വദേശികളായ അർജുനും പങ്കാളി സുമയുമാണ് വിവിധയിടങ്ങളിലെ ഏജന്‍റുമാർ വഴി വ്യാജ വീസ നൽകി പണം തട്ടിയതെന്നാണ് വ്യക്തമാകുന്നത്. മൊഹാലി കേന്ദ്രീകരിച്ചാണ് ഇരുവരുടെയും പ്രവർത്തനം. തളളിക്കളയുന്ന അപേക്ഷയും പാസ്പോർട്ടും ദില്ലിയിലെ വി എഫ് എസ് കേന്ദ്രത്തിൽ നിന്ന് അർജുന്‍റെ സഹായികൾ ഒന്നിച്ച് കൈപ്പറ്റി, വ്യാജ വിസ പതിച്ച് നൽകുകയാണ് തട്ടിപ്പിന്‍റെ രീതി. തട്ടിപ്പ് പുറത്തറിഞ്ഞതോടെ, ഏജന്‍റുമാർ പ്രതികളായി. ശരതിന്‍റെ പരാതി പ്രകാരം കൂത്താട്ടുകുളം പൊലീസ് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും പ്രതികൾ ഒളിവിലായതിനാൽ കണ്ടെത്താനായിട്ടില്ല.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam