
പാലക്കാട്: സൂര്യതാപമേറ്റ് വയോധികൻ മരിച്ചു. പാലക്കാട് കുത്തനൂരിലാണ് സംഭവം. പനയങ്കടം വീട്ടിൽ ഹരിദാസൻ (65) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് അഞ്ചിന് വീടിന് സമീപത്ത് ദേഹമാസകലം പൊള്ളലേറ്റ് മരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്. സൂര്യതാപമേറ്റാണ് മരണം എന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അമിതമായി മദ്യപിച്ച ശേഷം വീടിന് സമീപത്ത് വെയിലത്ത് കിടക്കുകയായിരുന്നുവെന്നും ഈ സമയത്ത് കടുത്ത ചൂടിൽ സൂര്യതാപമേറ്റാണ് മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
സമാനമായ സംഭവം പാലക്കാട് അട്ടപ്പാടിയിലും സ്ഥിരീകരിച്ചിട്ടുണ്ട്. അട്ടപ്പാടിയിൽ മദ്യലഹരിയിൽ കിടന്നയാളാണ് കൊടും ചൂടിൽ നിർജ്ജലീകരണം മൂലം മരിച്ചത്. ഷോളയൂർ ഊത്തുക്കുഴി സ്വദേശി ശെന്തിൽ (50) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ശെന്തിലിനെ സുഹൃത്തിൻ്റെ വീടിന് സമീപം അവശനിലയിൽ കണ്ടെത്തിയത്. കോട്ടത്തറ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പാലക്കാട് ജില്ലാ ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയിലാണ് മരണ കാരണം നിർജ്ജലീകരണമാണെന്ന് സ്ഥിരീകരിച്ചത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam