വീല്‍ച്ചെയറിലിരുന്ന് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ പ്രളയബാധിതര്‍ക്കായി സഹായം തേടി സുരേഷ്

Published : Sep 29, 2018, 06:14 PM IST
വീല്‍ച്ചെയറിലിരുന്ന് വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ പ്രളയബാധിതര്‍ക്കായി സഹായം തേടി സുരേഷ്

Synopsis

ദുരിതം തിന്നുശീലിച്ചവനേ മറ്റുള്ളവന്റെ  വേദനയറിയാനാവൂവെന്ന് നട്ടെല്ലുതകര്‍ന്ന ഈ നാല്പതുകാരന്‍ തെളിയിക്കുകയാണ്. താനടക്കം വീട് ഇല്ലാത്ത 21 കുടുംബങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആറാട്ടുപുഴ കൊടുവളപ്പില്‍ സുരേഷ് വീല്‍ചെയറിലിരുന്ന് വാട്ട്സ്ആപ്പ്  കൂട്ടായ്മയിലൂടെ സഹായങ്ങള്‍ സ്വരുക്കൂട്ടുകയാണ്.

തൃശൂര്‍: ദുരിതം തിന്നുശീലിച്ചവനേ മറ്റുള്ളവന്റെ  വേദനയറിയാനാവൂവെന്ന് നട്ടെല്ലുതകര്‍ന്ന ഈ നാല്പതുകാരന്‍ തെളിയിക്കുകയാണ്. താനടക്കം വീട് ഇല്ലാത്ത 21 കുടുംബങ്ങള്‍ക്കൊപ്പം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന ആറാട്ടുപുഴ കൊടുവളപ്പില്‍ സുരേഷ് വീല്‍ചെയറിലിരുന്ന് വാട്ട്സ്ആപ്പ്  കൂട്ടായ്മയിലൂടെ സഹായങ്ങള്‍ സ്വരുക്കൂട്ടുകയാണ്. സ്വന്തമായി സ്ഥലവും വീടുമില്ലാതെ രോഗിയായ 72 വയസുള്ള അമ്മയുടെ സഹായത്താലാണ് സുരേഷ് ക്യാമ്പില്‍ കഴിയുന്നത്. തങ്ങളുടെ അവസ്ഥ മനസിലാക്കി കുരിയച്ചിറയിലെ സ്വര്‍ണാഭരണ നിര്‍മാതാവ് 300 സ്‌ക്വയര്‍ഫീറ്റില്‍ ഒരു വീട് വാഗ്ദാനം ചെയ്തിരുന്നു. 

ചെറിയതാണെങ്കിലും വീട് വയ്ക്കാന്‍ സ്ഥലമില്ലെന്നത് അലട്ടുമ്പോഴും സുരേഷ് തന്റെ വാട്‌സാപ്പ് കൂട്ടായ്മയിലൂടെ സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിക്കുന്നത് ക്യാമ്പില്‍ കഴിയുന്ന മറ്റുള്ളവര്‍ക്കൊരു സഹായം വേണമെന്നാണ്. ആറാട്ടുപുഴ ഗ്രാമം എന്ന പേരിലുള്ള വാട്ട്സ്ആപ്പ് കൂട്ടായ്മയിലൂടെ ക്യാമ്പിലെ 94-90 വയസുള്ള അയ്യപ്പന്‍-കുറിഞ്ഞി ദമ്പതികള്‍ക്കുള്ള വീടിന് സഹായമെത്തിച്ചു. ഇവരുടെ വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വീട് പൂര്‍ണ്ണമായി പോയവരും ഭാഗികമായി തകര്‍ന്നവരുമാണ് ഇപ്പോഴും ആറാട്ടുപുഴയിലെ പഴം സംസ്‌കരണ കേന്ദ്രത്തിലെ ക്യാമ്പിലുള്ളത്. 

സര്‍ക്കാര്‍ സഹായം കൊണ്ട് വാസയോഗ്യമായൊരു വീട് പൂര്‍ണ്ണമായും പണിതുതീര്‍ക്കാന്‍ കഴിയില്ലെന്നതിനാല്‍ കൂടുതല്‍ സഹായത്തിനാണ് സുരേഷും കൂട്ടുകാരും ശ്രമിക്കുന്നത്. എന്നാലിന്നുവരെ സുരേഷ് തനിക്ക് ഒരു തുണ്ട് ഭൂമിവാങ്ങാന്‍ സഹായിക്കണമെന്ന് ആരുടെ മുന്നിലും അപേക്ഷിച്ചിട്ടുമില്ല. 300 ചതുരശ്ര അടിയില്‍ എങ്ങിനെ എന്ന ക്യാമ്പിലുള്ളവരുടെ ചോദ്യത്തോടും സുരേഷിന്റെ മറുപടി സ്‌നേഹത്തോടെയുള്ള പുഞ്ചിരിമാത്രം. സുരേഷിനും അമ്മ തങ്കയ്ക്കും തലചായ്ക്കാന്‍ വീട് വച്ചുനല്‍കുമെന്ന വാഗ്ദാനം വന്നതോടെ ഇവര്‍ക്കുള്ള സഹായവാഗ്ദാനങ്ങള്‍ അവസാനിച്ചെന്നുവേണം പറയാന്‍.

പക്ഷെ, കാലം തെറ്റിയ പ്രളയകാലത്തിനുപിറകെ, കാലവര്‍ഷം കൂടി മണ്ണിലിറങ്ങിയപ്പോള്‍ പുറത്തുകാണിക്കാത്ത വേദനയോടെയാണ് സുരേഷും അമ്മയും ക്യാമ്പില്‍ കഴിയുന്നത്. ബണ്ട് തകര്‍ന്നതോടെ താമസിച്ച വാടക വീട്ടില്‍ നിന്ന് നട്ടെല്ലുതകര്‍ന്ന മകനുമായാണ് പനംകുളം സ്വദേശിനി തങ്ക ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. വെള്ളം അകന്നതോടെ വീട്ടുടമ വീട് പൂട്ടിയിട്ടു പോയതോടെ തിരിച്ചുപോകാനിടമില്ലാതായി. ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചാല്‍ നട്ടെല്ല് തകര്‍ന്ന് കിടപ്പിലായ മകനെയും കൊണ്ട് എങ്ങോട്ട് പോകണം എന്നറിയാതെ വിഷമിക്കുകയാണ് രോഗിയും വൃദ്ധയുമായ ഈ അമ്മ. മറ്റു മക്കളുണ്ടെങ്കിലും വര്‍ഷങ്ങളായി ഈ അമ്മ സുരേഷിന്റെ ഒപ്പമാണ് താമസം. 

ഏഴ് വര്‍ഷം മുമ്പുണ്ടായ അപകടത്തിലാണ് ഡ്രൈവറായിരുന്ന സുരേഷിന്റെ നട്ടെല്ല് തകര്‍ന്നത്. ചികിത്സയുടെ ആവശ്യത്തിനായി സ്വന്തമായി ഉണ്ടായിരുന്ന 16 സെന്റ് സ്ഥലവും വീടും വിറ്റതിനു ശേഷം ഇവരുടെ താമസം വാടക വീട്ടിലായിരുന്നു. തിരുവനന്തപുരം, വയനാട്, തൃശൂര്‍ എന്നിവിടങ്ങളിലുള്ള വര്‍ഷങ്ങളുടെ ചികിത്സയെ തുടര്‍ന്നാണ് സുരേഷിന് എഴുന്നേറ്റിരിക്കാനായത്.  പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ ആയിരുന്ന സമയത്ത് ഉടമസ്ഥന്‍ വീടുപൂട്ടി പോവുകയായിരുന്നു. ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആ വാടക വീടിനുള്ളിലാണ്. റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് യാതൊരുവിധ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. 

റേഷന്‍കാര്‍ഡ് പുതുക്കാനായി ഫോട്ടോ എടുക്കുന്ന സമയത്ത് ഇവര്‍ ചികിത്സക്കായി വയനാട്ടില്‍ ആയിരുന്നു. രണ്ടര വര്‍ഷത്തോളം വയനാട്ടില്‍ തങ്ങേണ്ടിവന്നു. തിരിച്ചെത്തി പുതിയ റേഷന്‍ കാര്‍ഡിനായി ശ്രമം നടത്തിയെങ്കിലും അനുകൂലമായ നടപടികളൊന്നുമുണ്ടായില്ല. പലതവണ താലൂക്ക് ഓഫീസില്‍ പോയിട്ട് ശരിയായില്ലെന്നും സുരേഷ് പറയുന്നു. മറ്റുള്ളവരുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാന്‍ വീല്‍ചെയറിലിരുന്ന വിരല്‍ചലിപ്പിക്കുന്ന സുരേഷിന്റെ ഈ ദുരിതമകറ്റാന്‍ ആര് മുന്‍കയ്യെടുക്കുമെന്നാണ് ക്യാമ്പിലെ മറ്റുള്ളവര്‍ ചോദിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്‌ത് മുസ്ലിം ലീഗ്; ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ ഹർത്താൽ
പിണങ്ങി മുറിയിലേക്ക് കയറിപ്പോയി എഴ് വയസുകാരി, തുറന്ന് നോക്കിയപ്പോൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി