
തൃശൂര്‍: ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സമൂഹത്തിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി സുരേഷ്‌ഗോപി 12 ലക്ഷം നല്‍കി. 10 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കായി ധനസഹായം നല്‍കാമെന്ന് കഴിഞ്ഞ നവംബറിലെ കേരളപ്പിറവിദിനത്തില്‍ താരസംഘടനയായ 'അമ്മ'-യുടെ ഓഡിറ്റോറിയത്തില്‍ പ്രതീക്ഷ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുരേഷ്‌ഗോപി അറിയിച്ചിരുന്നു.
തൃശൂര്‍ ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയായ സുരേഷ്‌ഗോപി നെട്ടിശേരിയിലെ വീട്ടില്‍ വെച്ച് നടന്ന ചടങ്ങിലാണ് ധനസഹായം കൈമാറിയത്. അനീഷ, മിഖ, വീനസ് പോള്‍, ശ്രാവന്തിക, ഗോപിക, പ്രീതി, അഭിരാമി, റെന, ടീന എല്‍സ, അദ്രിജ എന്നീ പത്ത് പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.
ഒരാള്‍ക്ക് 1,20,000 രൂപ ചെലവ് വരും. സര്‍ക്കാരില്‍നിന്ന് പിന്നീട് ശസ്ത്രക്രിയയ്ക്കുള്ള പണം തിരിച്ചുകിട്ടും. ചിലപ്പോള്‍ പണം തിരിച്ചുകിട്ടുന്നതിന് ഒരു വര്‍ഷമെങ്കിലും കാലതാമസം വരും. പണം തിരിച്ചുകിട്ടുന്നതു പ്രകാരം അടുത്ത പത്തുപേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താം. പണം തനിക്ക് തിരിച്ചു തരേണ്ടതില്ലെന്ന് സുരേഷ്‌ഗോപി നേരത്തെ പറഞ്ഞിരുന്നു.
പകരം സര്‍ക്കാരില്‍നിന്ന് തുക തിരിച്ചുകിട്ടുന്ന മുറയ്ക്ക് അടുത്ത പത്ത് പേര്‍ക്ക് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും നിര്‍ദേശിച്ചിരുന്നു. ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്. മുംബൈ പ്രതീക്ഷാ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സുജിത് ഭരത്, കിരണ്‍ കേശവന്‍, ബൈജു പുല്ലംങ്കണ്ടം, ഷീബ സുനില്‍, ടി.ആര്‍. ദേവന്‍ എന്നിവരും പങ്കെടുത്തു.
അതേസമയം, വീണ്ടുമൊരിക്കല്‍ക്കൂടി ബിജെപി സ്ഥാനാര്‍ഥിയായി തൃശൂരില്‍ നിന്ന് ജനവിധി തേടുകയാണ് സുരേഷ് ഗോപി. കേരളത്തില്‍ ബിജെപി പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശൂര്‍. ഇടതുപക്ഷ മുന്നണിയാവട്ടെ തൃശൂര്‍ ജില്ലയിലെ സിപിഐയുടെ ജനകീയ മുഖമായ വി എസ് സുനില്‍ കുമാറിനെ ഇറക്കിയാണ് അങ്കം മുറുക്കിയിരിക്കുന്നത്.ഒപ്പം കെ മുരളീധരൻ കൂടി എത്തിയതോടെ കളം മുറുകിയെന്ന് തന്നെ പറയാം.
എടുത്താല്‍ പൊന്താത്ത തൃശൂര്‍! പ്രതാപന് പകരം കെ മുരളീധരന്‍ വന്ന അവസാന നിമിഷ ട്വിസ്റ്റും പ്രതീക്ഷകളും
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam