
കോഴിക്കോട്: ലീഡർ കെ കരുണാകരന്റെ മകൻ കെ മുരളീധരനെ തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് വിഡി സതീശനും സംഘവും ബലിയാടാക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വിജയസാധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ വോട്ടുകൾ എൽഡിഎഫിന് പോയതായും വിഡി സതീശൻ തുറന്നുപറഞ്ഞിരുന്നു.
സുനിൽ കുമാറിന് വോട്ട് മറിച്ചുകൊടുക്കുകയായിരുന്നുവെന്ന് സതീശൻ സമ്മതിച്ചിരിക്കുകയാണെന്നും കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ സുരേന്ദ്രൻ പറഞ്ഞു. മുരളീധരനെ ചതിക്കാൻ വേണ്ടിയാണ് വിജയസാധ്യതയുണ്ടായിരുന്ന വടകരയിൽ നിന്ന് തൃശൂരിലേക്ക് അദ്ദേഹത്തെ മാറ്റിയത്. മുരളീധരന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുകയാണ് വി ഡി സതീശനും സംഘവും ലക്ഷ്യമിട്ടത്.
തൃശൂരിൽ ജയിക്കാമെന്ന് പറഞ്ഞു പറ്റിച്ചു ബലിയാടാക്കി. അവിടെ വിജയസാധ്യത വിഎസ് സുനിൽകുമാറിനായിരുന്നു എന്നാണ് വിഡി. സതീശൻ ഇപ്പോൾ പറയുന്നത്. അതുകൊണ്ട് ഞങ്ങളുടെ വോട്ട് എൽഡിഎഫിലേക്കാണ് പോയതെന്നും പറയുന്നു. അപ്പോൾ പിന്നെ വിജയസാധ്യതയില്ലാത്തിടത്ത് എന്തിനാണ് കെ മുരളീധരനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതെന്നും കെ.സുരേന്ദ്രൻ ചോദിച്ചു.
സുരേഷ് ഗോപി ജയിച്ചത് പൂരം കലക്കിയാണെന്ന പ്രതിപക്ഷ നേതാവിന്റെ ആരോപണവും സുരേന്ദ്രൻ പരിഹസിച്ചു തളളി. ഒല്ലൂരിലെ ക്രൈസ്തവ കേന്ദ്രങ്ങളിലെല്ലാം സുരേഷ് ഗോപി ആണ് ലീഡ് ചെയ്തത്. ചാവക്കാടും ഗുരുവായൂരും മുസ്ലീങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ സുരേഷ് ഗോപിക്ക് നല്ല രീതിയിൽ വോട്ട് കിട്ടിയിട്ടുണ്ട്. മതന്യൂനപക്ഷങ്ങളുടെ വോട്ടുകൾ വലിയതോതിൽ സുരേഷ് ഗോപിക്ക് കിട്ടിയെന്ന് ഇതിൽ വ്യക്തമാണ്. പൂരം കലക്കിയാൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും വോട്ട് ചെയ്യുമോയെന്നും എന്ത് പച്ചക്കളളമാണ് വിഡി സതീശൻ പറയുന്നതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചോദിച്ചു.
എഡിജിപി ആർഎസ്എസ് സർകാര്യവാഹിനെ കണ്ടുവെന്ന് പറയുന്നത് 2023 ൽ ആണ്. 2024 ഏപ്രിലിൽ നടന്ന പൂരം കലക്കാനാണോ അജിത്ത് കുമാർ ആർഎസ്എസ് നേതാവിനെ കണ്ടത്? സതീശന്റെ വാദങ്ങൾക്ക് ലോജിക്ക് ഇല്ല. മുഖ്യമന്ത്രി പിണറായി വിജയനും വിഡി സതീശനും രണ്ട് ശരീരമാണെങ്കിലും ഒരു മനസാണ്. പിണറായി വിജയന്റെ ഏജന്റാണ് വിഡി സതീശൻ. എഡിജിപി അജിത്ത് കുമാർ വി.ഡി സതീശന്റെ അടുത്തയാളാണ്. ഇയാൾ രാഹുൽഗാന്ധിയേയും കുഞ്ഞാലിക്കുട്ടിയേയും കണ്ടിട്ടുണ്ട്.
കോൺഗ്രസിലെ എല്ലാനേതാക്കളുമായും അജിത്ത് കുമാറിന് ബന്ധമുണ്ട്. ഇക്കാര്യം ചർച്ച ചെയ്യണം. കുഞ്ഞാലിക്കുട്ടിയേയും വി.ഡി സതീശനേയും എഡിജിപി കണ്ടത് പരസ്യമായിട്ടാണോയെന്ന് സതീശൻ വ്യക്തമാക്കണം. പുനർജ്ജനി കേസ് അന്വേഷണം വേണ്ടെന്നു വച്ചത് ഇതെ എഡിജിപിയാണ്. തന്റെ പേരിൽ എല്ലാ കേസും ചാർജ്ജ്‌ചെയ്തു. ചോദ്യം ചെയ്തു, നുണ പരിശോധിച്ചു. ജയിലിലടച്ചു. കോടികൾ വിദേശത്തുനിന്നു കൊണ്ടുവന്ന് പുനർജ്ജനി തട്ടിപ്പ് നടത്തിയ വി.ഡി. സതീശന്റെ രോമം തൊടാൻ എൽഡിഎഫ് സർക്കാർ തയ്യാറായിട്ടുണ്ടോയെന്നും സുരേന്ദ്രൻ ചോദിച്ചു.
വിഡി സതീശന്റെ പേരിൽ ഉയർന്നുവന്ന പുനർജ്ജനി തട്ടിപ്പ് കേസ് എന്തുകൊണ്ടാണ് കോൾഡ് സ്‌റ്റോറേജിൽ നിന്ന് പുറത്തെടുക്കാത്തതെന്ന് സർക്കാർ വ്യക്തമാക്കണം. എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ ഒരു കേസു പോലും എടുക്കാത്തത്. എന്തുകൊണ്ടാണ് ചോദ്യം ചെയ്യാത്തത്. പിണറായി വിജയന്റെ ബി ടീമാണ് വി.ഡി സതീശൻ കമ്പനി. ഒരമ്മ പെറ്റ മക്കളെപ്പോലെയാണ് ഇരുവരും പ്രവർത്തിക്കുകയാണ്. ഇവിടെ അന്തർധാര യുഡിഎഫും എൽഡിഎഫും തമ്മിലാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam