പെട്ടിമുടിയിലെ വിറങ്ങലിക്കുന്ന ഓർമകൾ നെഞ്ചിലൊതുക്കി അവർ വീണ്ടും ജീവിതം തേടിയിറങ്ങി

By Web TeamFirst Published Sep 7, 2020, 5:07 PM IST
Highlights

മിഴികളിൽ ഈറനണിഞ്ഞ്  വിറങ്ങലിക്കുന്ന ഓർമകൾ നെഞ്ചിലൊതുക്കി അവർ  ജോലിക്കെത്തി. പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും രക്ഷപ്പെട്ട അറുപതോളം തൊഴിലാളികളാണ് ബന്ധുക്കളുടെ വിയോഗം ഉള്ളിലൊതുക്കി തെയിലക്കാടുകളിൽ ജോലിക്കെത്തിയത്.  
 

മൂന്നാർ: മിഴികളിൽ ഈറനണിഞ്ഞ്  വിറങ്ങലിക്കുന്ന ഓർമകൾ നെഞ്ചിലൊതുക്കി അവർ  ജോലിക്കെത്തി. പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും രക്ഷപ്പെട്ട അറുപതോളം തൊഴിലാളികളാണ് ബന്ധുക്കളുടെ വിയോഗം ഉള്ളിലൊതുക്കി തെയിലക്കാടുകളിൽ ജോലിക്കെത്തിയത്.  

കാടുകളിൽ ഇണങ്ങിയും പിണങ്ങിയും ഒന്നിച്ചുകഴിഞ്ഞിരുന്ന സഹപ്രവർത്തകരുടെ ഓർമ്മകൾ അവരെ അസ്വസ്ഥയാക്കി. പലരുടെയും കണ്ണുകൾ നിറഞ്ഞിരുന്നു. ദുരന്തം പെയ്തിറങ്ങിയ ഭൂമിയിൽ വീണ്ടും ജോലിക്കെത്തില്ലെന്നാണ് തൊഴിലാളികൾ പറഞ്ഞിരുന്നത്. എന്നാൽ ജീവിക്കാൻ പണിയെടുത്തെ തീരുവെന്ന തിരിച്ചറിവാണ് വീണ്ടും അവിടേക്ക് തന്നെ എത്താൻ അവരെ പ്രേരിപ്പിച്ചത്.

ഓഗസ്റ്റ് ആറിനാണ് നാടിനെ നടുക്കിയ ദുരന്തം പെട്ടിമുടി മലനിരകളിൽ പെയ്തിറങ്ങിയത്. ശക്തമായ മഴയിൽ മലയുടെ ഒരു ഭാഗം അടർന്ന് മൂന്ന് ലയങ്ങൾ പൂർണ്ണമായി മണ്ണിനടിയിലായി. മണ്ണിടിച്ചിലിൽ  എഴുപതോളം പേരാണ് അപകടത്തിൽപ്പെട്ടത്. 66 പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്തു. ഒരു കുട്ടിയടക്കം നാല് പേരെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ ഇടവേളയില്ലാതെ തുടരുകയാണ്. ഇതിനിടെയാണ് ഓർമ്മകൾ മായും മുമ്പ് തൊഴിലാളികൾ തെയിലക്കാടുകളിൽ എത്തിയത്.

click me!