
തിരുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന വീടുകളിൽ നിന്നും വയറുകളും പ്ലംബിങ് സാധനങ്ങളും മോഷ്ടിക്കുന്ന പ്രതി പിടിയിൽ. മണ്ണന്തല, ഇടയലക്കോണം സ്വദേശിയായ വട്ടിയൂർകാവ്, മൂന്നാംമൂട് വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു .എൽ (33) നെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റ് ചെയ്തത്.
പോത്തൻകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു സ്ഥലങ്ങളിൽ നിന്നായി ലക്ഷകണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധനങ്ങളുമാണ് മോഷ്ടിച്ചത്. വീടുകളിൽ പ്ലംബിംഗ് ജോലിക്ക് എത്തിയ ശേഷം പ്രദേശത്തെ പുതുതായി നിർമ്മിക്കുന്ന വീടുകൾ കണ്ടുപിടിച്ച് രാത്രികാലങ്ങളിൽ ഇവിടെയെത്തി വയറുകളും പ്ലംബിംഗ് സാധനങ്ങളും മോഷ്ടിക്കുന്നതാണ് രീതി.
മോഷ്ടിച്ച സാധനങ്ങൾ വയറുകളിൽ നിന്നും ചെമ്പ് കമ്പി വേർതിരിച്ച് ആക്രിക്കടകളിൽ വിൽക്കും. പരാതിയുടെ അടിസ്ഥാനത്തിൽ സമീപത്തെ സിസി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പ്രതി സഞ്ചരിച്ച സ്കൂട്ടറിന്റെ നമ്പർ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മണ്ണന്തലയിൽ നിന്നും അറസ്റ്റ് ചെയ്തത്.
പ്രതിയുടെ വീട്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ വയറുകളും പ്ലംബിംഗ് സാധങ്ങളും പൊലീസ് കണ്ടെത്തി. വയറുകൾ മോഷ്ടിച്ചു കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പൊലീസ് കസ്റ്റഡിയിൽ എടുത്തു. പ്രതിക്കെതിരെ നേമം , മണ്ണന്തല, കഴക്കൂട്ടം, ശ്രീകാര്യം സ്റ്റേഷനുകളിൽ സമാനമായ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം എസ് എച്ച് ഒ രാജേന്ദ്രൻ നായർ, എസ് ഐ സായി സേനൻ പി സി ,എ എസ് ഐ മാരായ രാജേഷ്, അരുൺ രാജ്, ശ്രീലേഖ സി പി ഒ മാരായ ഷിബുലാൽ ഗോഗുൽ രാജ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam