
പാലക്കാട്: ഷൊർണൂർ ചുടുവാലത്തൂരിൽ തുണിക്കടയിലെ ജീവനക്കാരിയുടെ സ്വർണ്ണമാല പൊട്ടിച്ചോടിയ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത് ഷൊർണൂർ പൊലീസ്. ഒരു പവൻ തൂക്കം വരുന്ന മാലയാണ് പൊട്ടിച്ചത്. പ്രതിയെ സ്ഥലത്തെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. ഇക്കഴിഞ്ഞ ആഗസ്റ്റ് ഏഴിന് 'മെൻസ് ക്ലബ്ബ്' എന്നു പേരുള്ള കടയിലാണ് പ്രതി തുണി വാങ്ങാനെന്ന വ്യാജേന എത്തിയത്. കടയിലെ ജീവനക്കാരി പൈങ്കുളം സ്വദേശിനി അഞ്ജുവിന്റെ മാലയാണ് കടയ്ക്കുള്ളിൽ നിന്നും പൊട്ടിച്ചോടിയത്. വൈകുന്നേരം 5 മണിയോടെയാണ് സംഭവം നടന്നത്. ഡ്യൂക്ക് ബൈക്കിലായിരുന്നു പ്രതി എത്തിയത്.
തുണിക്കടയിൽ എത്തിയ പ്രതി ഷർട്ട് തിരഞ്ഞെടുത്ത് വച്ച് കടക്കു പുറത്തു പോയി. ഇതിന് ശേഷം ഡ്യൂക്ക് ബൈക്ക് തിരിച്ചു നിർത്തി വീണ്ടും കടക്കകത്തേക്ക് വന്നു. വാങ്ങിച്ചതിന് ശേഷം പണം ഗൂഗിൾ പേ ചെയ്യാമെന്ന് പറഞ്ഞു. ഇതേ സമയത്ത് ജീവനക്കാരിയായ അഞ്ജുവിന്റെ മാല പൊട്ടിച്ച് ബൈക്കിൽ കേറി രക്ഷപ്പെടുകയായിരുന്നു പ്രതി. ഷൊർണൂർ പോലീസ് സ്റ്റേഷൻ സിഐ വി.രവികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. എസ് ഐ സേതുമാധവൻ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർമാരായ അനിൽ, രാജീവ്, സിപിഒ മുരളി എന്നിവർ ചേർന്നായിരുന്നു പ്രതിക്കായുള്ള അന്വേഷണം നടത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടുകൂടി ഇന്ന് പുലർച്ചയാണ് പ്രതിയെ പിടികൂടിയത്.