പൂക്കോട് വെറ്റിനറി സര്‍വ്വകലാശാലയില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം; കോളേജും ഹോസ്റ്റലും അടച്ചു

By Web TeamFirst Published Oct 23, 2021, 6:32 PM IST
Highlights

ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളോടൊപ്പം വയറിളക്കവും ഉണ്ടായി. ഇതാണ് ഭക്ഷ്യവിഷബാധയാണോ എന്ന സംശയത്തിലേക്കെത്തിച്ചിരിക്കുന്നത്...

കല്‍പ്പറ്റ: വൈത്തിരി പൂക്കോട് വെറ്റിനറി സര്‍വ്വകലാശാല കോളേജില്‍ ബി.വി.എസ്.സി കോഴ്‌സിന് പഠിക്കുന്ന മുപ്പതോളം വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക അസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോളേജും ഹോസ്റ്റലും താല്‍ക്കാലികമായി അടച്ചു. ഭക്ഷ്യവിഷബാധയാണെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകര്‍ എത്തി ഭക്ഷണ, വെള്ള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഏതാനും വിദ്യാര്‍ഥിനികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളോടൊപ്പം വയറിളക്കവും ഉണ്ടായി. ഇതാണ് ഭക്ഷ്യവിഷബാധയാണോ എന്ന സംശയത്തിലേക്കെത്തിച്ചിരിക്കുന്നത്. 

കോളേജും ഹോസ്റ്റലും അടച്ച അധികൃതര്‍ കുട്ടികളോട് ഈ മാസം മുപ്പത്തൊന്നാം തീയ്യതി വരെ വീട്ടില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. ഹോസ്റ്റലില്‍ താമസിക്കുന്ന കുട്ടികളോട് ഞായറാഴ്ചയോടുകൂടി താല്‍ക്കാലികമായി മാറിത്താമസിക്കുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം മൂന്ന് ദിവസം മുമ്പാണ് കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യം അനുഭപ്പെട്ടതെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വേണ്ട മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക പറഞ്ഞു. വെള്ളത്തിന്റെയും കുട്ടികള്‍ കഴിച്ച ഭക്ഷണത്തിന്റെയും സാമ്പിള്‍ ശേഖരിച്ചു പരിശാധനക്കയച്ചിട്ടുണ്ടെന്നും ഫലം വന്നതിന് ശേഷം മാത്രമേ ശാരീരിക അസ്വസ്ഥ്യങ്ങളുണ്ടായ കാരണം കണ്ടെത്താന്‍ കഴിയുവെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 

ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും കാര്യത്തില്‍ സൂക്ഷ്മത പാലിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥാപന അധികൃതരോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പുറത്തുനിന്നുള്ള ഭക്ഷണം, തണുത്ത ആഹാരം, എന്നിവ കഴിക്കരുതെന്നും തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ എന്നും നിര്‍ദ്ദേശിച്ചുണ്ട്. പ്രശ്‌നങ്ങള്‍ കണ്ടെത്തിയ ഹോസ്റ്റലില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

click me!