തലയില്‍ സെര്‍ച്ച് ലൈറ്റ്, കയ്യില്‍ നിറതോക്ക്; ഡ്യൂട്ടിക്കിടെ വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍

By Web TeamFirst Published Oct 22, 2021, 9:07 PM IST
Highlights

ഡ്യൂട്ടിയിലിരിക്കെ കൂട്ടുകാര്‍ക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തില്‍ ആയുധവുമായി വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വയനാട്-നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40)നീലഗിരി എസ്പി ആശിഷ് റാവത്ത് സസ്‌പെന്‍ഡ് ചെയ്തത്.

സുല്‍ത്താന്‍ബത്തേരി: ഡ്യൂട്ടിയിലിരിക്കെ കൂട്ടുകാര്‍ക്കൊപ്പം മുത്തങ്ങ സംരക്ഷിത വനത്തില്‍ ആയുധവുമായി വേട്ടയ്ക്ക് പോയ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വയനാട്-നീലഗിരി അതിര്‍ത്തിയിലെ എരുമാട് പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സിജുവിനെയാണ് (40)നീലഗിരി എസ്പി ആശിഷ് റാവത്ത് സസ്‌പെന്‍ഡ് ചെയ്തത്.

പത്തു ദിവസം മുമ്പാണ് സിജുവും സുഹൃത്തുക്കളും തോക്കുമായി വയനാട് മുത്തങ്ങ വനത്തില്‍ പ്രവേശിച്ചത്. തലയില്‍ ഹെഡ് ലൈറ്റും കയ്യില്‍ നാടന്‍ തോക്കുമായി വനത്തിലൂടെ സിജു പോവുന്നത് ഇവിടങ്ങളില്‍ സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട വയനാട് വന്യജീവി സങ്കേതം ഭൂമട്ടം വനപാലകര്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും വേട്ടക്കാരെ തിരിച്ചറിയുന്നതിനായി ക്യാമറ ദൃശ്യങ്ങള്‍ ഗൂഡല്ലൂര്‍ പൊലീസിന് കൈമാറുകയും ചെയ്തു. 

പൊലീസ് പരിശോധനയിലാണ് തോക്കുമായി കാട്ടില്‍ നില്‍ക്കുന്നയാള്‍ പോലീസ് കോണ്‍സ്റ്റബിള്‍ ആണെന്ന് തിരിച്ചറിഞ്ഞത്. ഗൂഡല്ലൂര്‍ ധര്‍മ്മഗിരി സ്വദേശിയായ കോണ്‍സ്റ്റബിള്‍ സിജു മുമ്പ് സമാന രീതിയിലുള്ള നിയമലംഘനങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കാനും ഉന്നത പോലീസ് വൃത്തങ്ങള്‍ ആലോചിക്കുന്നുണ്ട്. 

നിയമപാലകന്‍ തന്നെ കടുത്ത നിയമലംഘനത്തിലുള്‍പ്പെട്ടത് പോലീസ് സേനക്ക് തന്നെ നാണക്കേടായിരിക്കുകയാണ്. സസ്‌പെന്‍ഷന് പുറമെ കടുത്ത നടപടികള്‍ ഉദ്യോഗസ്ഥനെതിരെ ഉണ്ടാകാനും സാധ്യതയുണ്ട്. സംഭവ ദിവസം ഇയാള്‍ എരുമാട് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നുവെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് സസ്‌പെന്‍ഷന്‍. അതേസമയം ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്ന് തന്നെ പിരിച്ചുവിടണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
 

click me!