
ഇടുക്കി: പെരിയാർ കടുവാ സങ്കേതത്തിലെ തമിഴ്നാട് ഐ.ബിക്ക് സമീപം വടിവാളുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ. പത്തനംതിട്ട കൊടുമൺ സ്വദേശിയായ വിജേഷ് വിജയൻ (32), കടമനാട് സ്വദേശി അരവിന്ദ് രഘു(22) എന്നിവരാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് തേക്കടിയിലെ തമിഴ്നാട് ഐബിക്ക് സമീപം രണ്ട് വടിവാളുകൾ കാട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തിയത്.
ഉടൻ തന്നെ വിവരം വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയും ഇവർ കുമളി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് സിസിടിവി അടക്കമുള്ള പരിശോധിക്കുകയും ഈ പരിസരത്ത് തന്നെയുള്ളവരായിരിക്കും ഇതിനു പിന്നിലെന്ന നിഗമനത്തിലെത്തുകയുമായിരുന്നു. തുടർന്ന് പുറത്ത് നിന്നും ഇവിടെ ജോലിക്കെത്തിയവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
തേക്കടിയിൽ വെൽഡിങ് പണികൾക്കായി എത്തിയ ഇരുവരും ഇവിടെ വച്ചാണ് വടിവാളുകൾ ഉണ്ടാക്കിയത്. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും വിജേഷ് രണ്ട് വടിവാളുകളുമെടുത്ത് പത്തനംതിട്ടയിലേക്ക് പോകാൻ ശ്രമം നടത്തുകയും ചെയ്തു. ചെക്ക് പോസ്റ്റിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ വാളുകൾ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുകയായിരുന്നുയെന്ന് പോലീസ് പറഞ്ഞു.
വിജേഷിനെ പത്തനംതിട്ടയിൽ നിന്നും അരവിന്ദിനെ കുമളിയിൽ നിന്നും പിടികൂടുകയായിരുന്നു. കുമളി എസ്.ഐ ജെഫി ജോർജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam