'വോട്ട് നമ്മുടെ അവകാശം'; വോട്ട് ചോദിച്ചും പോസ്റ്ററൊട്ടിച്ചും തൃശൂരിൽ സജീവമായി കളക്ടര്‍ അനുപമ

By Web TeamFirst Published Mar 18, 2019, 11:48 AM IST
Highlights

കളക്ടർ അനുപമയും അസി.കളക്ടർ പ്രേം കൃഷ്ണയും ഇലക്ഷന്‍ വിഭാഗം  ഡെപ്യൂട്ടി കളക്ടർ വിജയനും ബസുകളിൽ കയറിയിറങ്ങി വോട്ടവകാശം വിനിയോഗിക്കേണ്ടത് യാത്രക്കാരെ ഓർമ്മിപ്പിച്ചു. 

തൃശൂർ: ട്രാൻസ്പോർട്ട് സ്റ്റാന്‍റില്‍ പാർക്ക് ചെയ്ത ബസുകളിൽ സ്റ്റിക്കർ പതിച്ചും അകത്തുകയറി ചുറുചുറുക്കോടെ യാത്രാക്കാരുടെ വോട്ടുറപ്പാക്കിയും 'തൃശൂർ മണ്ഡലത്തിൽ' സജീവമായ ചെറുപ്പക്കാരിയാണിപ്പോൾ വർത്തമാനങ്ങളിൽ. എൽഡിഎഫും യുഡിഎഫും സ്വന്തം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിടത്ത് എല്ലാവരും വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച്  എത്തിയത് ആരെന്നായി പിന്നെ ചർച്ച. സാക്ഷാൽ അനുപമ ഐ എ എസ്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ ആരും വോട്ട് ചെയ്യാനുള്ള അവസരം പാഴാക്കരുതെന്ന് പറയാനുള്ള പ്രചാരണത്തിലാണ്. കൂടെയുണ്ടായിരുന്ന അസി. കളക്ടർ പ്രേം കൃഷ്ണയുടെയും  ഉദ്യോഗസ്ഥരുടെയും കയ്യിൽ പോസ്റ്ററുകള്‍ കണ്ടതോടെ  യാത്രക്കാർ ആദ്യം അമ്പരന്നു. സംശയത്തിന് അധികം സമയം നൽകാതെ കളക്ടർ തന്നെ പറഞ്ഞു. 'വോട്ട് നമ്മുടെ  അവകാശം'.

വോട്ടവകാശം ഓർമിപ്പിച്ചുള്ള ബോധവൽക്കരണത്തിന്‍റെ ഭാഗമായിട്ടായിരുന്നു കളക്ടറെത്തിയത്. കളക്ടർ അനുപമയും അസി.കളക്ടർ പ്രേം കൃഷ്ണയും ഇലക്ഷന്‍ വിഭാഗം  ഡെപ്യൂട്ടി കളക്ടർ വിജയനും ബസുകളിൽ കയറിയിറങ്ങി വോട്ടവകാശം വിനിയോഗിക്കേണ്ടത് യാത്രക്കാരെ ഓർമ്മിപ്പിച്ചു. ബസുകളിൽ  ഇലക്ഷന്‍  സ്വീപ്പിന്‍റെ ഭാഗമായി  സ്വീപ് ലോഗോ അടങ്ങിയ സ്റ്റിക്കറുകളും പതിച്ചു.  വോട്ടവകാശവും, ഹരിത തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കുന്നതിന്‍റെ  അവബോധമുണ്ടാക്കുന്നതിനുമാണ് ജില്ലാ ഭരണകൂടത്തിന്‍റെ  വേറിട്ടൊരു പ്രചാരണ രീതി. 

 ബസിനുള്ളില്‍ കയറിയ കളക്ടറെ ആദ്യം  ആര്‍ക്കും മനസിലായില്ല. പിന്നീടാണ്  തിരിച്ചറിഞ്ഞത്. ഇതിനിടെ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനും യാത്രക്കാര്‍ തിരക്ക് കൂട്ടി. ഏറെ സമയം ഇവിടെ ചിലവിട്ട കളക്ടർ വോട്ടിന്‍റെ പ്രാധാന്യം ഓർമിപ്പിച്ചാണ് മടങ്ങിയത്.  ഡിപ്പേയില്‍ എത്തിയ  50 ഓളം  ബസുകളിലാണ്  പോസ്റ്റർ പതിച്ചത്. അടുത്ത ദിവസങ്ങളില്‍   കൂടുതല്‍  കെ എസ് ആര്‍ ടി സി ബസുകളിലും  സ്വകാര്യ ബസുകളിലും  സ്വീപ് സ്റ്റിക്കറുകള്‍ പതിക്കും.   

click me!