
തിരുവനന്തപുരം: ജനവാസമേഖലയിൽ മാലിന്യം തള്ളാനെത്തിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തമായതോടെയാണ് ഒഴുകുപാറ എന്ന സ്ഥലത്ത് മാലിന്യം നിക്ഷേപിച്ച് കന്യാകുമാരി മാങ്കോട് സ്വദേശി വസീം കടന്നുകളയാൻ ശ്രമിച്ചത്. സംഭവം കണ്ട വഴിയാത്രികർ ഇവരെ തടഞ്ഞ ശേഷം ആര്യങ്കോട് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി വാഹനവും ഡ്രൈവറെയും കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മാലിന്യം നിക്ഷേപിച്ച് കടക്കാന്‍ ശ്രമിച്ചത്. പ്രദേശത്ത് സിസിടിവി സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ട ശേഷമാണ് നഗരമാലിന്യം ഈ പ്രദേശത്ത് കൊണ്ടു തള്ളുന്നതെന്ന് നാട്ടുകാർ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് പാറശാലയില്‍ നഗരമാലിന്യം കൊണ്ട് നിക്ഷേപിച്ച ശേഷം മുങ്ങിയ പ്രതിയെ പാറശാല പൊലീസ് സിസിടിവിയുടെ സംവിധാനത്തോടെ പിടികൂടി കേസെടുത്തിരുന്നു.
കേരള-തമിഴ്നാട് അതിർത്തികളിൽ രാത്രിയുടെ മറവില്‍ ക്യാമറ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്ത സ്ഥലത്ത് നിക്ഷേപിക്കുന്നത് പ്രദേശവാസികള്‍ക്ക് തലവേദനയായിട്ടുണ്ട്. കോഴി വേസ്റ്റും അറവുശാല മാലിന്യങ്ങളും അടക്കമാണ് കൊണ്ടുവന്ന് ഗ്രാമീണ മേഖലയില്‍ തള്ളുന്നത്. ഇവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നു നാട്ടുകാർ ആവശ്യപ്പടുന്നു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തായതിനാൽ തുടർ നടപടികൾക്കായി ഒറ്റശേഖരമംഗലം പഞ്ചായത്തിലേക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്ന് ആര്യങ്കോട് പൊലീസ് അറിയിച്ചു.