
തിരുവനന്തപുരം: തമിഴ്നാട് ട്രാൻസ്പോർട്ട് ബസിൽ തിരുവനന്തപുരം നഗരത്തിലേക്ക് വന്ന യുവാവിൽ നിന്നും എംഡിഎംഎ പിടികൂടി. നേമത്തിനടുത്ത് പ്രാവച്ചമ്പലത്ത് വച്ച് പൊലീസ് നടത്തിയ പരിശോധനയിലാണ് 79 ഗ്രാം എംഡിഎംഎയുമായി തിരുമല വേട്ടമുക്ക് സ്വദേശി അജിയെ(25) നേമം പൊലീസ് അറസ്റ്റ് ചെയ്തത്. മാർക്കറ്റിൽ 2.5 ലക്ഷത്തോളം രൂപ വില വരുന്നതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നാഗർകോവിലിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്പോർട്ട് ബസ് തടഞ്ഞ് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ഗൾഫിലായിരുന്ന ഇയാൾ നാട്ടിലെത്തി കാരിയറായി ജോലി നോക്കിയതാണെന്ന് നേമം പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.