
കോഴിക്കോട്: സംസ്ഥാന പാതയോരത്തെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളാൻ കൊണ്ടുവന്ന ടാങ്കർ ലോറി നാട്ടുകാർ പിടികൂടി. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിലെ കറുത്ത പറമ്പിനും - വലിയ പറമ്പിനും ഇടയിലെ ഓവുങ്ങൽ തോട്ടിലാണ് രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളിയത്. നിരവധിപ്പേർ കുടിവെള്ളത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന തോട്ടിലാണ് കക്കൂസ് മാലിന്യം തള്ളിയത്.
പല കുടിവെള്ള പദ്ധതികൾക്ക് വെള്ളമെടുക്കുന്ന ഇരുവഴിഞ്ഞി പുഴയിലാണ് ഈ തോട് സംഗമിക്കുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രി 11:30 തോടെയാണ് മാലിന്യം തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. KL 45 D 7396 നമ്പറിലുള്ള ചിപ്പി ട്രാൻസ്‌പോർട്ട് എന്ന ടാങ്കർ ലോറിയിൽ കൊണ്ടുവന്ന കക്കൂസ് മാലിന്യമാണ് തോട്ടിൽ തള്ളിയത്. നാട്ടുകാർ എത്തിയത്തോടെ ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർ ഓടി രക്ഷപ്പെട്ടു. നേരത്തേയും പല തവണ ഇവിടെ കക്കൂസ് മാലിന്യം തട്ടിയിട്ടുള്ളതിനാൽ ഈ പ്രദേശം നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു
സംശയാസ്‍പദമായ ലോറി നിർത്തിയിട്ടിരിക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ടാങ്കറിൽ നിന്ന് കക്കൂസ് മാലിന്യം തള്ളുന്നത് കണ്ടത്. പ്രദേശത്ത് അസഹ്യമായ ദുർഗന്ധവും ഉണ്ടായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് മുക്കം പൊലീസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിൽ എടുത്തു. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ അക്ബർഷായുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ലോറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam